കൊച്ചി: സെല്ലില്‍ കയറാന്‍ പറഞ്ഞതിൽ പ്രകോപിതനായി അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരുടെ കൈ തല്ലിയും പിടിച്ച് തിരിച്ചും ഒടിച്ച് റിമാന്‍ഡ് പ്രതി. ചൊവ്വാഴ്ച രാവിലെ 7.30ഓടെ മട്ടാഞ്ചേരി സബ് ജയിലിലായിരുന്നു സംഭവം. ആലപ്പുഴ മാരാരിക്കുളം കണിച്ചുകുളങ്ങര സ്വദേശി റിജുമോൻ (31), എറണാകുളം ഐരാപുരം സ്വദേശി ബിനു നാരായണന് (32) എന്നിവര്‍ക്കാണു തടവുകാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്.
ഇരുവരുടെയും വലതുകൈയാണ് ഒടിഞ്ഞത്. സംഭവത്തില്‍ റിമാന്‍ഡ് പ്രതിയായ മട്ടാഞ്ചേരി പനയപ്പള്ളി ഇനിക്കല്‍ വീട്ടില്‍ തന്‍സീര്‍ അഹമ്മദിനെതിരേ മട്ടാഞ്ചേരി പോലീസ് കേസെടുത്തു. റിജുമോന്റെ പരാതിയിലാണ് നടപടി. തന്‍സീറിനെ വിയ്യൂര്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലിലേക്കു മാറ്റി.
ജയില്‍പുള്ളികള്‍ക്ക് രാവിലെ കുളിക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയം കഴിഞ്ഞിട്ടും തന്‍സീര്‍ ജയിലിന് പുറത്ത് തുടര്‍ന്നതോടെ റിജുമോനും ബിനുവും ചേര്‍ന്ന് സെല്ലിലേക്കു പോകാന്‍ നിര്‍ദേശിച്ചു. ഇതിഷ്ടപ്പെടാതിരുന്ന തന്‍സീര്‍ ഉദ്യോഗസ്ഥരുമായി വാക്കേറ്റത്തിലായി.
ഇതിനിടെ, കുടിവെള്ളം ശേഖരിച്ചുവച്ചിരുന്ന പാത്രത്തിന്റെ ഇരുമ്പ് മൂടിയെടുത്ത് തന്‍സീര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. റിജുമോന്റെ വലതുകൈക്ക് അടിച്ചു. തൻസീറിനെ കീഴ്പ്പെടുത്താനെത്തിയ ബിനുവിന്റെ കൈ പിടിച്ച് തിരിക്കുകയും ചെയ്തു. കൂടുതല്‍ ഉദ്യോഗസ്ഥരെത്തിയാണു തന്‍സീറിനെ കീഴ്പ്പെടുത്തിയത്. ജാമ്യം കിട്ടി പുറത്തിറങ്ങിയാല്‍ ഇരുവരെയും വകവരുത്തുമെന്നും പ്രതി ഭീഷണിപ്പെടുത്തി.
ഹാര്‍ബര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറെ ആക്രമിച്ച കേസിലാണ് തന്‍സീര്‍ റിമാന്‍ഡിലായത്. അതേസമയം, റിമാന്‍ഡ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് അനുമതി തേടി മട്ടാഞ്ചേരി പോലീസ് കോടതിയില്‍ വീണ്ടും അപേക്ഷ നല്‍കും. പ്രതിയെ വിയ്യൂരിലേക്കു മാറ്റിയതിനാല്‍ ആദ്യം നല്കിയ അപേക്ഷയിലെ വിവരങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടി വന്നതാണു കാരണം. കോടതിയുടെ അനുമതിക്കു ശേഷമാകും അറസ്റ്റ് നടപടികളിലേക്കു കടക്കുക.