Kerala
തൃശൂർ: പുലിക്കളിക്ക് എതിരായ പരാമർശം വിവാദമായതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ. ശ്രീരാമൻ. തന്റെ അഭിപ്രായപ്രകടനം പക്വതയോടെ ആയിരുന്നില്ല. പരാമർശം കലാകാരൻമാർക്കും ബന്ധപ്പെട്ടവർക്കും മനോവിഷമം ഉണ്ടാക്കിയെന്ന് മനസിലാക്കിയെന്ന് എഫ്ബി പോസ്റ്റിൽ ശ്രീരാമൻ പറഞ്ഞു.
പുലികളി സംഘങ്ങൾ അടക്കം കടുത്ത എതിർപ്പ് ഉയർത്തിയതോടെയാണ് ശ്രീരാമൻ ഖേദ പ്രകടനം നടത്തിയത്. പുരുഷന്മാർക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്ന മുഖവുരയോടെയായിരുന്നു കഴിഞ്ഞദിവസം ശ്രീരാമന് ഫേസ്ബുക്കില്‍ തന്റെ വിമര്‍ശനം പങ്കുവച്ചത്.
"ആ വൈകൃതത്തെ കലയ്ക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണ്. ലോകത്തൊരിടത്തും കണ്ടാൽ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല. ഇത് ഒരു ഭാരതീയ കലയാണെന്നും നാട്യശാസ്ത്രത്തിൽ 'ശാർദൂലവിക്രീഡിതം' എന്ന് ഈ കുംഭകുലുക്കിക്കളിയെപ്പറ്റി പരാമർശമുണ്ടെന്നുമാണ് സുബ്രൻസാമി പറയുന്നത്. അതാണൊരാശ്വാസം" -എന്നായിരുന്നു പരിഹാസം കലര്‍ത്തിയുള്ള ശ്രീരാമന്റെ വാക്കുകള്‍.
വിമര്‍ശനം ഏറിയെങ്കിലും, പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ശ്രീരാമന് പറഞ്ഞു. വയറിൽ ചിത്രം വരച്ചു കുലുക്കിയുള്ള ഒരു കല കാണുമ്പോൾ, അത് ശരിയാണെന്ന് തോന്നുന്നില്ല. പലരോടും ചോദിച്ചെങ്കിലും, ഇത്തരമൊരു നൃത്തരൂപം ഉള്ളതായി അറിയാന്‍ കഴിഞ്ഞില്ല. അതിനാല്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീരാമന് പറഞ്ഞു. ശ്രീരാമന്റെ പരാമർശം വിവാദമായതോടെ നടനെ പിന്തുണച്ചും അതുപോലെ തന്നെ വിമർശിച്ചും നിരവധി പേർ പ്രതികരിച്ചു.
പുലിക്കളി കാണാത്തതുകൊണ്ടാണ് ഇത്തരം വിമർശനമെന്നും, പുലിക്കളി കലാകാരന്മാരെ ബോഡി ഷെയ്മിംഗ് നടത്തിയ ശ്രീരാമന് പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് അയ്യന്തോള്‍ ദേശം പുലിക്കളി സംഘം രംഗത്തെത്തിയിരുന്നു. വികെ ശ്രീരാമന്റെ പുലിക്കളി പരാമർശം സങ്കടം ഉണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചിരുന്നു. അത്തരം പ്രതികരണം ശ്രീരാമൻ നടത്തുമെന്ന് കരുതിയില്ല. ത്യാഗം സഹിക്കുന്ന പ്രത്യേക വിഭാഗമാണ് പുലിക്കളി കലാകാരൻമാർ എന്നും അവർക്ക് കരുതൽ വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Kerala
കൊച്ചി: തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബി. ഗോപാലകൃഷ്ണനെതിരേയുള്ള പരാതി പരിഗണിക്കാന്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്കി. രണ്ടു മാസത്തിനുള്ളില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് നിര്‍ദേശിച്ചത്.
തൃശൂരിലെ കെഎസ്യു നേതാവ് ഗോകുല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണു നടപടി. മറ്റു പാര്‍ട്ടികള്‍ മണ്ഡലത്തില്‍ ഹൈന്ദവസ്ഥാനാര്ഥികളെ നിര്‍ത്തുന്നില്ലെന്ന് ആരോപിച്ച് ഗോപാലകൃഷ്ണന് സമൂഹമാധ്യമത്തിൽ പോസ്റ്റുകള്‍ ഇട്ടിട്ടുണ്ടെന്നും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ ഗോപാലകൃഷ്ണനെതിരേ ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192, 1988 ലെ ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 125 എന്നിവപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഹര്ജിക്കാരന് അറിയിച്ചു.
തെരഞ്ഞെടുപ്പുനടപടികള്‍ ആരംഭിച്ചുകഴിഞ്ഞതിനാല്‍, തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന ഒരു നിരീക്ഷണവും നടത്തുന്നത് ഉചിതമല്ലെന്നും എന്നിരുന്നാലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി പരിഗണിക്കാനുമാണ് കോടതി നിര്‍ദേശിച്ചത്.
വിദ്വേഷ പരാമര്ശങ്ങളുണ്ടാകുന്ന സാഹചര്യങ്ങളില്‍ എന്തു നടപടിയാണ് സ്വീകരിക്കാനാകുകയെന്നും കോടതി ചോദിച്ചു.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ബോധ്യമായാല്‍ സ്ഥാനാര്‍ഥിയെ വിലക്കുന്നതടക്കം നടപടികള്‍ സ്വീകരിക്കാനാകുമെന്ന് കമ്മീഷന് വിശദീകരിച്ചു. മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട വേറെയും കേസുകള്‍ ഈ ദിവസങ്ങളില്‍ എടുത്തിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
ലംഘനങ്ങളുണ്ടായാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിയതിനാല്‍ വിഷയത്തില്‍ നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി.
മാതൃകാ പെരുമാറ്റച്ചട്ടം ഭരണസ്തംഭനത്തിനു കാരണമാകുന്നതായാണ് തോന്നിയിട്ടുള്ളതെന്നും പലപ്പോഴും കോടതിവിധികള്‍ നടപ്പിലാക്കാതിരിക്കാന്‍ പോലും പെരുമാറ്റച്ചട്ടം ഒരു കാരണമായി അധികൃതര്‍ പറയാറുണ്ടെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഭരണനിശ്ചലാവസ്ഥയ്ക്കു കാരണമില്ലെന്നും ഇക്കാര്യത്തിലൊക്കെ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും കമ്മീഷന് വിശദീകരിച്ചു.
National
ചെന്നൈ: ഡിഎംകെയുടെ ഭീഷണി കാരണമാണു രജനീകാന്ത് രാഷ്ട്രീയപ്രവേശനം ഉപേക്ഷിച്ചതെന്ന് തമിഴ് വെട്രി കഴകം നേതാവ് ആധവ് അർജുനയുടെ പരാമർശത്തോടു പ്രതികരിച്ച് തമിഴ് സൂപ്പർതാരം രജനീകാന്ത്.
കാലം സംസാരിക്കില്ലെന്നും എന്നാൽ കാത്തിരുന്ന് മറുപടി നൽകുമെന്നുമായിരുന്നു രജനികാന്തിന്റെ പ്രതികരണം. തന്നെ പിന്തുണച്ചെത്തിയ രാഷ്ട്രീയ നേതാക്കൾക്ക് എക്സിലൂടെ രജനീകാന്ത് നന്ദിയും രേഖപ്പെടുത്തി.
എംജിആറിനു ശേഷം തമിഴ്നാട്ടിൽ ഏറെ ജനപ്രീതിയുള്ള നടനാണ് രജനീകാന്ത്. രാഷ്ട്രീയപ്രവേശനം അദ്ദേഹം ആഗ്രഹിച്ചിരുന്നു.
എന്നാൽ, ഡിഎംകെ കുടുംബത്തിന്റെ നിരന്തര ഭീഷണിയെത്തുടർന്നാണ് രജനീകാന്ത് രാഷ്ട്രീയപ്രവേശനം ഉപേക്ഷിച്ചതെന്നായിരുന്നു ടിവികെയുടെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജനറൽ സെക്രട്ടറി ആധവ് അർജുനയുടെ പരമാർശം.
ആധവിനന്റെ പരാമർശത്തിനെതിരേ രജനികാന്തിന്റെ ആരാധകരും നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തെത്തിയിരുന്നു.