പ്രിയ വായനക്കാരേ, രണ്ടു ഭിന്നയാഥാർഥ്യങ്ങൾക്കു മധ്യേയാണ് ഈ സൂര്യോദയം. ഒന്നു രാജ്യതലസ്ഥാനത്താണ്. രാംലീല മൈതാനത്ത്, ജനാധിപത്യ ഇന്ത്യയുടെ വീണ്ടെടുപ്പിനെന്നു പറഞ്ഞ് പ്രതിപക്ഷവും വിദ്യാർഥിമുന്നേറ്റങ്ങളും കൈ കോർക്കുന്പോൾ കേരളം 70-ാം പിറന്നാളിന്റെ മധുരം പങ്കുവയ്ക്കുകയാണ്.
മാതൃഭൂമിയുടെയും ജനിച്ച മണ്ണിന്റെയും ഗന്ധമുള്ള മലയാളി രണ്ടു യാഥാർഥ്യങ്ങളും തിരിച്ചറിയുന്നു. കെടാത്ത സ്വാതന്ത്ര്യപോരാട്ടവീര്യത്തിൽ മുഷ്ടി ഉയർത്തിക്കൊണ്ടുതന്നെയാണ് മറുകൈയാൽ നാം മധുരം നുണയുന്നത്. കേരളത്തിനു പുറത്തും രാജ്യത്തിനു പുറത്തുമായി 50 ലക്ഷത്തോളം മലയാളികളും ഈ നൊന്പരവും മധുരവും പങ്കുവയ്ക്കുകയാവാം. ഇരുട്ടും വെളിച്ചവും ഇടകലർന്ന വഴികളിൽ കൈകോർത്തു മുന്നേറാം. എല്ലാവർക്കും ദീപികയുടെ കേരളപ്പിറവി ആശംസകൾ!
"മലഞ്ചൂരല്മടയില്നിന്നും വിളഞ്ഞ ചൂരപ്പനമ്പുപോലെ കുറത്തിയെത്തുന്നു' എന്ന മുന്നറിയിപ്പോടെയാണ് കടമ്മനിട്ട "കുറത്തി' എന്ന കവിത ഒരു തീക്കനൽപോലെ നമ്മുടെ നെഞ്ചിലേക്കെറിഞ്ഞത്. 50 കൊല്ലമെങ്കിലും കഴിഞ്ഞിട്ടുണ്ടാകും. ഏതു കാലപ്രവാഹത്തിലും മിഥ്യകളിൽ ഒഴുകിപ്പോകാതിരിക്കാൻ കുന്പസാരിക്കാനും പരിഹാരം ചെയ്യാനുമുള്ള താക്കീതും കുറത്തിയിലുണ്ട്.
തെറ്റുകളുടെ കുറ്റപത്രം നിവർന്നുനിന്നു വായിച്ചശേഷം കുറത്തി പറയുന്നു; "നിങ്ങളോര്ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്!' ചൂഷിതരായ അടിസ്ഥാന വർഗങ്ങൾക്കുവേണ്ടിയായിരുന്നു കടമ്മനിട്ട എഴുതിയത്. പക്ഷേ, ഇന്ന് കേരളപ്പിറവിയുടെ ആഘോഷറാലികൾക്കും പ്രസംഗങ്ങൾക്കുമിടെ നാം മറക്കരുതാത്ത കാര്യം അതു മാത്രമാണ്.
പലവിധ നേട്ടങ്ങളിലും ചെറിയൊരു തുണ്ടു ഭൂമിയായ കേരളം എന്ന സംസ്ഥാനം എങ്ങനെയാണ് ഈ രാജ്യത്തിന്റെ മുന്നിലായതെന്നു നാം മറക്കരുതെന്ന്. നേട്ടങ്ങൾ മലവെള്ളത്തിൽ ഒഴുകിവന്നതല്ലെന്നും അതിനു പിന്നിൽ പൂർവികരുടെ കഠിനാധ്വാനങ്ങളുണ്ടെന്നും മറക്കരുതെന്ന്. അതു കൈമോശം വന്നെങ്കിൽ വീണ്ടെടുപ്പിനു സമയമായെന്ന്. നവോത്ഥാനം ചരിത്രപുസ്തകങ്ങളിലെ നിശ്ചിത കാലയളവിന്റെ പോരാട്ടകഥ മാത്രമല്ല, നിരന്തരം തുടരേണ്ട സംവാദവും സമരവുമാണെന്ന്.
കേരളത്തെ നവോത്ഥാനത്തിലേക്കും പുതുയുഗപ്പിറവിയിലേക്കും നടത്താനുള്ള പ്രതിജ്ഞ ഇന്നെടുക്കാം. ഡൽഹി ജനാധിപത്യത്തിനുവേണ്ടി വെയിലും തണുപ്പും കൊള്ളുന്നെങ്കിൽ ഇവിടെയും നാം കണ്ണു തുറക്കണം. മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശന്പളമേ വർധിപ്പിച്ചിട്ടുള്ളൂ. ഇക്കഴിഞ്ഞ നാളുകളിൽ നിർമിതബുദ്ധിയുടെ ചവിട്ടേറ്റ് നിരവധിപേർക്കു ജോലി നഷ്ടമായി. നമ്മുടെ കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, വിദ്യാർഥികൾ... ക്ലേശമേറുകയാണ്.
കൊട്ടാരങ്ങളിൽനിന്നും വോട്ടുവെട്ടി, വിദ്വേഷം വിളന്പി, മാസപ്പടി കൈപ്പറ്റി, ഭായ്-ഭായ് കളിച്ച് കറുത്ത യാഥാർഥ്യങ്ങളെത്തുന്നു. കേരളപ്പിറവി, മധുരം നുണഞ്ഞ് വീണ്ടുമുറങ്ങാനുള്ള സമയമല്ല, ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതൊരു മുന്നേറ്റത്തിനൊരുങ്ങുക. പിറക്കട്ടെ പുതുകേരളം.