ഹൈദരാബാദ്/ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സമ്മർദത്തിനു വഴങ്ങി പ്രതിപക്ഷനേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം ചെയ്യുന്നുവെന്ന് ആരോപിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയ്ക്കെതിരേ പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോൺഗ്രസ്. ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകളിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
ഹൈദരാബാദ് ഗച്ചിബൗളിയിലെ മെറ്റ ഓഫീസ് പരിസരത്ത് തെലുങ്കാന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ജക്കിടി ശിവചരൺ റെഡ്ഢിയുടെ നേതൃത്വത്തിലെത്തിയ പ്രവർത്തകർ ചെടിച്ചട്ടികൾ എറിഞ്ഞുടയ്ക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലുള്ള ഓഫീസിനുമുന്നിൽ മുംബൈ അധ്യക്ഷ സീനത്ത് ഷബ്രിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ച പ്രവർത്തകർ കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പോസ്റ്റർ കത്തിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബ്, ദേശീയ ചുമതലയുള്ള മനീഷ് ശർമ എന്നിവരുടെ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് പ്രതിഷേധത്തിനു കാരണമായത്.
നിയന്ത്രണമേർപ്പെടുത്തിയ അക്കൗണ്ടുകളും പോസ്റ്റുകളും പുനഃസ്ഥാപിക്കാൻ മെറ്റയ്ക്ക് ഏഴു ദിവസത്തെ അന്ത്യശാസനമാണ് യൂത്ത് കോൺഗ്രസ് നൽകിയിരിക്കുന്നത്. അല്ലെങ്കിൽ രാജ്യത്തെ മുഴുവൻ ഓഫീസുകളും പൂട്ടിക്കുമെന്നും കോടതിയിലും തെരുവിലും പ്രതിഷേധം ശക്തമാക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിലെ യുവാക്കൾ എന്തു പറയണമെന്നും എങ്ങനെ അഭിപ്രായം പ്രകടിപ്പിക്കണമെന്നും തീരുമാനിക്കുന്നത് ഒരു വിദേശ കമ്പനിയാണോയെന്ന് ഉദയ് ഭാനു ചിബ് ചോദിച്ചു.
വിഷയത്തിൽ മെറ്റയെ വിമർശിച്ചു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. വിദേശ കമ്പനികൾ രാജ്യത്തു ബിസിനസാണു ചെയ്യേണ്ടതെന്നും അവരെ സർക്കാർ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, യൂത്ത് കോൺഗ്രസ് അതിക്രമത്തെ ബിജെപിയും ബിആർഎസും രൂക്ഷമായി വിമർശിച്ചു.