റിയാദ്: നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പുതിയ പ്രീമിയം നിരക്കുകൾക്കെതിരേ പ്രവാസലോകത്ത് വ്യാപക പ്രതിഷേധം. എൽഡിഎഫ് സർക്കാർ പ്രവാസികൾക്കായി നടപ്പാക്കിയ പദ്ധതിയിൽ പ്രീമിയം കുത്തനെ ഉയർത്തിയതോടെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ ആരോഗ്യസുരക്ഷ ആശങ്കയിലായിരിക്കുകയാണ്.
പദ്ധതി പുതുക്കാനുള്ള നടപടികൾ അവസാന നിമിഷംവരെ വൈകിപ്പിച്ചത് വൻ നിരക്ക് വർധന നടപ്പാക്കാനായിരുന്നോ എന്ന ചോദ്യവും പ്രവാസികൾ ഉയർത്തുന്നു. നിരക്ക് വർധന പിൻവലിച്ച് പഴയ രീതിയിൽ പദ്ധതി തുടരണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.
പ്രവാസികളുടെ ആരോഗ്യസുരക്ഷയ്ക്കായി രൂപം നൽകിയ പദ്ധതിയിൽ പുതിയ നിരക്കുകൾ വന്നതോടെ പല പ്രായവിഭാഗങ്ങളിലും വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാകുന്നത്. അഞ്ച് ലക്ഷം രൂപയുടെ വ്യക്തിഗത പരിരക്ഷയ്ക്ക് 51 - 60 പ്രായവിഭാഗത്തിൽ വാർഷിക പ്രീമിയം 21,722 രൂപയാണ്.
61 - 70 പ്രായവിഭാഗത്തിൽ ഇത് 28,326 രൂപയും 71 - 80 വിഭാഗത്തിൽ 48,279 രൂപയുമാണ്. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷയ്ക്ക് 51 - 60 പ്രായവിഭാഗത്തിൽ 35,664 രൂപയും 61 - 70 വിഭാഗത്തിൽ 44,718 രൂപയുമാണ് പുതിയ നിരക്ക്. സാധാരണ പ്രവാസികൾക്ക് താങ്ങാനാവാത്ത ഈ നിരക്കുകൾ പദ്ധതിയുടെ അടിസ്ഥാനലക്ഷ്യത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
പ്രായപരിധി എടുത്തുകളഞ്ഞുവെന്ന പ്രഖ്യാപനം ഉയർത്തിക്കാട്ടുമ്പോഴും ഉയർന്ന പ്രായത്തിലുള്ളവർക്ക് ഈടാക്കുന്ന പ്രീമിയത്തെക്കുറിച്ച് സർക്കാർ മറുപടി പറയണം. ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നത് മാത്രമല്ല പ്രധാനം. അത് താങ്ങാനാവുന്ന നിരക്കിൽ ലഭ്യമാകണം.
പ്രായം കൂടുന്തോറും രോഗസാധ്യതയും ചികിത്സാചെലവും വർധിക്കുന്ന സാഹചര്യത്തിൽ മുതിർന്ന പ്രവാസികൾക്ക് ഉയർന്ന പ്രീമിയം ചുമത്തുന്നത് അവരെ ആരോഗ്യപരിരക്ഷയിൽനിന്ന് അകറ്റും. പ്രായപരിധി നീക്കിയെന്ന പ്രചാരണത്തിന്റെ മറവിൽ നിരക്കുകൾ കുത്തനെ ഉയർത്തുന്നത് പ്രവാസികളോടുള്ള നീതിയല്ല.
നോർക്ക കെയറിനെതിരായ പ്രതിഷേധം ഒരു പ്രീമിയം നിരക്കിനെക്കുറിച്ചുള്ള തർക്കം മാത്രമല്ല. പ്രവാസികളുടെ അധ്വാനവും പണവും കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്താകുമ്പോൾ അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ പിന്മാറരുതെന്നും കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.