തിരുവനന്തപുരം: വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധിയും വീടും നഷ്ടപ്പെട്ട അർഹരായ ദുരന്തബാധിത കുടുംബങ്ങളുടെ വീട്ടുവാടക വിതരണം നീട്ടി. സെപ്റ്റംബറിൽ അവസാനിച്ച വീട്ടുവാടക വിതരണ കാലാവധി നവംബറിലേക്കു നീട്ടിയാണ് സർക്കാർ ഉത്തരവിറക്കിയത്. ഇതോടൊപ്പം ഒക്ടോബറിലെ വീട്ടുവാടക വിതരണം ചെയ്യാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 16.02 ലക്ഷം രൂപ വയനാട് കളക്ടർക്ക് അനുവദിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിനിരയായതിൽ മേപ്പാടി പഞ്ചായത്തിലെ ടൗണ്‍ഷിപ്പിൽ ഇതിനകം വീട് ലഭിക്കാത്ത കുടുംബങ്ങൾ, പുനരധിവാസത്തിനായി 15 ലക്ഷം രൂപയുടെ സഹായധനം ലഭിച്ചിട്ടില്ലാത്ത കുടുംബങ്ങൾ, പ്രദേശത്ത് ഇനിയും റോഡ് സൗകര്യം പുനഃസ്ഥാപിക്കപ്പെടാത്ത കുടുംബങ്ങൾ, ഫേസ് 2എ, ഫേസ് 2ബി, അപ്പീൽ പട്ടിക എന്നിവയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ കുടുംബങ്ങൾക്കും വീട്ടുവാടക ലഭിക്കും.
ടൗണ്‍ഷിപ്പിൽ പുനരധിവാസം പൂർത്തിയാകാത്ത സാഹചര്യത്തിലും യാത്രാസൗകര്യം പൂർണമായി പുനഃസ്ഥാപിക്കപ്പെടാത്തതിനാലും തുടർമാസങ്ങളിലും വാടക അനുവദിക്കണമെന്ന് വയനാട് കളക്ടർ സർക്കാരിനോട് അഭ്യർഥിച്ചതിനെ തുടർന്നാണ് സർക്കാർ നവംബർ വരെ വാടക ആനുകൂല്യം നീട്ടാൻ തീരുമാനിച്ചത്.