ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കുനേരേയുണ്ടായ ലാത്തിച്ചാർജിലും പെല്ലെറ്റ് പ്രയോഗത്തിലും ആഭ്യന്തരമന്ത്രി അമിത് ഷാ ഒരിക്കൽ മറുപടി പറയേണ്ടിവരുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.
ഡൽഹി തെരുവുകളിൽ വിദ്യാർഥികൾക്കു നേരേ ലാത്തിച്ചാർജും പെല്ലറ്റ് പ്രയോഗവും നടന്നിട്ടും ആഭ്യന്തരമന്ത്രി മൗനം പാലിക്കുന്നു. മാപ്പ് പറയുന്നതിനു പകരം പ്രധാനമന്ത്രി നരേന്ദ്രമോദി മറ്റുള്ളവർക്ക് മാപ്പ് നൽകുന്ന തിരക്കിലാണെന്നും രാഹുൽ പരിഹസിച്ചു .
വിദ്യാർഥികളാണു രാജ്യത്തിന്റെ വെളിച്ചം. താൻ അവർക്കൊപ്പമുണ്ടെന്നും രാഹുൽ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരേ കോൺൺഗ്രസ് ശനിയാഴ്ച പ്രയാഗ് രാജിൽ സംഘടിപ്പിച്ച ഛാത്രോ കി ഗൂഞ്ച് (വിദ്യാർഥികളുടെ ശബ്ദം) പരിപാടിയിൽ ഒരു വിദ്യാർഥിയുമായി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചായിരുന്നു രാഹുലിന്റെ പോസ്റ്റ്.
മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ വിഷയത്തിൽ പ്രതിപക്ഷം അമിത് ഷായുടെ പ്രതികരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം പാർലമെന്റിലെ ഇരുസഭകളിലും എത്തിയിരുന്നില്ല. വ്യാഴാചയാണ് മൺസൂൺ സമ്മേളനം അവസാനിക്കുന്നത്. അതിനുമുമ്പായി അമിത് ഷാ സഭയിലെത്തി വിമർശനങ്ങൾക്ക് മറുപടി നൽകുമോയെന്നാണ് പ്രതിപക്ഷം കാത്തിരിക്കുന്നത്.
കേരളത്തിന്റെ പേര് കേരളം എന്നാക്കുന്നതുൾപ്പെടെ രണ്ട് ബില്ലുകളാണ് അമിത് ഷായുടെ പേരിൽ ലോക്സഭയിലെ നടപടിക്രമത്തിൽ ഇന്നു പട്ടികപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള ബില്ലുകൾ പരിഗണയ്ക്കെത്തിയിരുന്നെങ്കിലും അമിത് ഷായ്ക്കു പകരം സഹമന്ത്രിയാണ് ബില്ലുകൾ അവതരിപ്പിച്ചത്.