Business
കൊച്ചി: അറബിക്കടലിന്റെ അടിത്തട്ടിലെ മലകളോടു (സീമൗണ്ട്) ചേര്ന്നു കാണപ്പെടുന്ന കൂന്തല്, കണവ, നീരാളി വര്ഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടല് ഗവേഷണത്തിനു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സിഎംഎഫ്ആര്ഐ) തുടക്കമിട്ടു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ടു വര്ഷം നീണ്ടുനില്ക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണപദ്ധതി. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാന് നിര്മിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല് സംവിധാനങ്ങള് വികസിപ്പിക്കും.
കേന്ദ്രസര്ക്കാരിന്റെ ഡീപ് ഓഷ്യന് മിഷന്റെ വെര്ട്ടിക്കല്-3 പ്രകാരം സൂറത്കല് നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ചാണു സിഎംഎഫ്ആര്ഐ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട പര്യവേക്ഷണം രണ്ടു ഗവേഷണ സംഘങ്ങളുടെ നേതൃത്വത്തില് നടന്നു. കൊച്ചിയില്നിന്ന് സിഎംഎഫ്ആര്ഐയുടെ ഗവേഷണയാനമായ എഫ്വി സില്വര് പോംപാനോയില് പുറപ്പെട്ട സംഘം സീനിയര് സയന്റിസ്റ്റ് ഡോ. ദിവ്യ വിശ്വംഭരന്റെയും സയന്റിസ്റ്റ് എം. കവിതയുടെയും നേതൃത്വത്തില് സര്വേ നടത്തി. സമാന്തരമായി കൊല്ലം അഴീക്കല് ഹാര്ബറില് നിന്നു പുറപ്പെട്ട സംഘത്തിന് പ്രിന്സിപ്പല് സയന്റിസ്റ്റ് ഡോ. വി. വെങ്കിടേശന് നേതൃത്വം നല്കി.
ആഴക്കടലിലെ ഇത്തരം മത്സ്യയിനങ്ങളെ കൃത്യമായി മനസിലാക്കാനും അതുവഴി അവയുടെ സംരക്ഷണത്തിന് ആവശ്യമായ നടപടികള് ആവിഷ്കരിക്കാനും ഈ പഠനം സഹായകമാകുമെന്ന് ഗവേഷണപദ്ധതിയുടെ പ്രിന്സിപ്പല് ഇന്വസ്റ്റിഗേറ്ററായ ഡോ. ഗീത ശശികുമാര് പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രഗത്ഭ ബയോകെമിസ്ട്രി പ്രഫസറും പണ്ഡിതനും കവിയും സാമൂഹിക പ്രവര്ത്തകനുമായിരുന്ന ഡോ.കെ.ടി. അഗസ്റ്റി കുന്നേത്തേടം (93) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകള് ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മെഡിക്കല് കോളജ് ആര്.വണ് ജയ്നഗറിലെ കുന്നത്തേടം വീട്ടില്നിന്ന് ആരംഭിക്കും. പിഎംജി ലൂര്ദ് ദേവാലയത്തിലെ പ്രാര്ഥനകള്ക്കുശേഷം നാലഞ്ചിറ സെമിത്തേരിയില് സംസ്കരിക്കും.
പാലാ സ്വദേശിയായ അദ്ദേഹം ബിറ്റ്സ് പിലാനിയില്നിന്നാണ് ബയോകെമിസ്ട്രിയില് എംഎസ്സിയും പിഎച്ച്ഡിയും കരസ്ഥമാക്കിയത്. കേരള സര്വകലാശാല, നൈജീരിയയിലെ യൂണിവേഴ്സിറ്റി ഓഫ് മൈദുഗുരി എന്നിവയുള്പ്പെടെ സ്വദേശത്തും വിദേശത്തുമായി നാലു പതിറ്റാണ്ടിലേറെക്കാലം അദ്ദേഹം അധ്യാപനഗവേഷണ മേഖലകളില് സേവനമനുഷ്ഠിച്ചു.
വെളുത്തുള്ളി ഉള്പ്പെടെയുള്ള അല്ലിയം വര്ഗത്തില്പ്പെട്ട സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില് മുന്നിരക്കാരനായിരുന്നു ഡോ. അഗസ്റ്റി. 150ലധികം ശാസ്ത്ര പ്രബന്ധങ്ങള് പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹം 14 ഗവേഷകര്ക്ക് പിഎച്ച്ഡിക്ക് മാര്ഗനിര്ദേശം നല്കി. 2020ല് സ്റ്റാന്ഫോര്ഡ് സര്വകലാശാല ലോകത്തിലെ മികച്ച രണ്ടു ശതമാനം ശാസ്ത്രജ്ഞരെ തെരഞ്ഞെടുത്തപ്പോള്, ടോക്സിക്കോളജി സൈറ്റേഷന് വിഭാഗത്തില് അദ്ദേഹവും ഉള്പ്പെട്ടിരുന്നു.
കേരള അക്കാദമി ഓഫ് സയന്സസിന്റെ സ്ഥാപകരില് ഒരാളായ അദ്ദേഹം പാലാ സെന്റ് തോമസ് കോളജ് അലുമ്നി അസോസിയേഷനെ ശക്തിപ്പെടുത്തുന്നതിലും സജീവമായി പ്രവര്ത്തിച്ചു. പൊതുജനാരോഗ്യ സംരക്ഷണത്തില് അതീവ താത്പര്യമുണ്ടായിരുന്ന അദ്ദേഹം, പൊതുസ്ഥലങ്ങളില് പുകവലി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നിരാഹാര സമരം അനുഷ്ഠിച്ചിട്ടുണ്ട്. ഔദ്യോഗിക ജീവിതത്തില്നിന്ന് വിരമിച്ച ശേഷവും ലേഖനങ്ങള്, കവിതകള്, ചരിത്രരചനകള് എന്നിവയിലൂടെ അദ്ദേഹം സമൂഹത്തില് സജീവമായി ഇടപെട്ടു. ദീപികയിൽ ഒട്ടേറെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കടപ്ലാമറ്റം കാരുവേലില് കുടുംബാംഗം ആലീസ് ആണ് ഭാര്യ. മക്കള്: തോമസ് അഗസ്റ്റിന് (റിട്ട. ചീഫ് മാനേജര്, ഫെഡറല് ബാങ്ക്). ജോസ് അഗസ്റ്റിന്, ന്യൂസിലാൻഡ് (മുന് കൃഷി ഓഫീസര്, കേരള കൃഷി വകുപ്പ്), ഡോ. പോള് അഗസ്റ്റിന് (തിരുവനന്തപുരം ആര്സിസിയിലെ സര്ജിക്കല് ഓങ്കോളജി വിഭാഗം മുന് മേധാവി). മരുമക്കള്: ജിജി (മാമ്പിള്ളി, തൃശൂര്), ഡോ. ജാസ്മിന് (മാരേട്ട്, തിരുവനന്തപുരം), ഡോ. റെജി (ഓലിക്കല്, ഭരണങ്ങാനം).
Special News
കലിഫോര്ണിയ: നക്ഷത്ര നിബിഡമായ ആകാശത്തേക്ക് നോക്കുമ്പോള് എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഈ പ്രപഞ്ചത്തില് മനുഷ്യൻ തനിച്ചാണോ എന്ന്? ഈ ചോദ്യത്തിനുള്ള ഉത്തരം തേടി മനുഷ്യകുലം നടത്തിയ ഏറ്റവും വലിയ ജനകീയ പരീക്ഷണമായിരുന്നു SETI@Home. നീണ്ട 21 വര്ഷത്തെ നിരീക്ഷണങ്ങള്ക്കും ഡാറ്റാ വിശകലനങ്ങള്ക്കും ശേഷം, അന്യഗ്രഹജീവികളുടെ തെളിവുകള്ക്കായി ശേഖരിച്ച 1200 കോടി സിഗ്നലുകളെ വിശകലനം ചെയ്തു നിര്ണായക ഘട്ടത്തില് എത്തിയിരിക്കുകയാണ് ഗവേഷകര്.
എന്താണ് SETI@home?
1999ല് കലിഫോര്ണിയ സര്വകലാശാലയിലെ (ബെര്ക്ക്ലി) ഗവേഷകര് ആരംഭിച്ച ഈ പദ്ധതി ലോകമെമ്പാടുമുള്ള സാധാരണക്കാരായ മനുഷ്യരെയാണ് ശാസ്ത്രഗവേഷണത്തിന്റെ ഭാഗമാക്കിയത്. പ്യൂര്ട്ടോ റിക്കോയിലെ വിഖ്യാതമായ അറെസിബോ റേഡിയോ ടെലിസ്കോപ്പ് ശേഖരിക്കുന്ന ഭീമമായ ഡാറ്റ വിശകലനം ചെയ്യാന് സൂപ്പര് കമ്പ്യൂട്ടറുകള്ക്കു പകരം ലക്ഷക്കണക്കിന് ആളുകളുടെ പേഴ്സണല് കമ്പ്യൂട്ടറുകളെ ഇന്റര്നെറ്റ് വഴി കോര്ത്തിണക്കി. സന്നദ്ധസേവകര് അവരുടെ കംപ്യൂട്ടറുകളില് ഒരു സോഫ്റ്റ്വെയര് ഇന്സ്റ്റാള് ചെയ്തു, അതു ബഹിരാകാശത്തുനിന്നുള്ള തരംഗങ്ങളെ തരംതിരിച്ചു.
1200 കോടിയില്നിന്ന് 100ലേക്ക്
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 1200 കോടിയിലധികം -സിഗ്നലുകള്- ഈ പ്രോജക്ടിലൂടെ തിരിച്ചറിഞ്ഞു. പ്രോജക്ട് കോ-ഫൗണ്ടര് ഡേവിഡ് ആന്ഡേഴ്സന്റെ അഭിപ്രായത്തില്- ആകാശത്തിന്റെ ഒരു പ്രത്യേക കോണില്നിന്നും ഒരു നിശ്ചിത ഫ്രീക്വന്സിയില് പെട്ടെന്നുണ്ടായ ഊര്ജസ്ഫോടനങ്ങള്- ആയിരുന്നു ഇവ. നിലവില് ഭീമമായ ഡാറ്റയെ അരിച്ചുപെറുക്കി ഏറ്റവും പ്രധാനപ്പെട്ട 100 സിഗ്നലുകളിലേക്ക് ഗവേഷകര് എത്തിയിട്ടുണ്ട്. ഇവ അന്യഗ്രഹജീവന്റെ അടയാളങ്ങളാണോ എന്നു വീണ്ടും പരിശോധിച്ചുവരികയാണ്.
വെല്ലുവിളികള്
അന്യഗ്രഹ ജീവികള് അയയ്ക്കുന്ന സന്ദേശങ്ങളെ ഭൂമിയിലെ റേഡിയോ തരംഗങ്ങളിൽനിന്നും ശബ്ദകോലാഹലങ്ങളില്നിന്നും വേര്തിരിച്ചെടുക്കുക എന്നത് അങ്ങേയറ്റം പ്രയാസകരമായ ജോലിയാണ്. നമ്മള് ഉപയോഗിക്കുന്ന മൊബൈല് ഫോണുകള് മുതല് സാറ്റലൈറ്റുകള് വരെ ബഹിരാകാശ സിഗ്നലുകളെ വഴിതെറ്റിക്കാം. ആര്ട്ടിഫിഷല് ഇന്റലിജന്സ് സഹായമുണ്ടെങ്കിലും ഓരോ സിഗ്നലും കൃത്യമായി പരിശോധിക്കാന് മനുഷ്യന്റെ ഇടപെടല് അത്യാവശ്യമാണ്. ഞങ്ങള് പ്രതീക്ഷിച്ച പോലെയല്ല കാര്യങ്ങള് നടന്നത്. എന്നാല്, ഭാവിയിലെ ഗവേഷണങ്ങള്ക്ക് ഒരു പുതിയ ദിശാബോധം നല്കാന് ഈ പ്രോജക്ടിനു സാധിച്ചു...- ഗവേഷകര് പറഞ്ഞു.
ഭാവിയിലേക്കുള്ള വാതില്
നമ്മള് ഒരുപക്ഷേ അന്യഗ്രഹ ജീവികളെ കണ്ടെത്തിയെന്നു വരില്ല, പക്ഷേ, ബഹിരാകാശത്തെ നിശബ്ദതയില്നിന്ന് എപ്പോഴെങ്കിലും ഒരു സന്ദേശം വന്നാല് അതു തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ നമ്മള് വികസിപ്പിച്ചു കഴിഞ്ഞു. ഈ മഹാപ്രപഞ്ചത്തില് നമ്മള് ഒറ്റയ്ക്കല്ല എന്ന വിശ്വാസത്തിനു ശാസ്ത്രീയമായ അടിത്തറ നല്കാന് ഗവേഷണത്തിനു കഴിഞ്ഞെന്നും ശാസ്ത്രലോകം പറയുന്നു.
International
സ്റ്റോക്ഹോം: 2025ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരത്തിന് മൂന്നു പേർ അര്ഹരായി. യുഎസ് ഗവേഷകരായ മാരി ഇ. ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷക ഷിമോൺ സാകാഗുച്ചി എന്നിവർക്കാണ് പുരസ്കാരം.
ശരീരത്തെ ദോഷകരമായി ബാധിക്കുന്നതിൽ നിന്ന് രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറൽ ഇമ്യൂൺ ടോളറൻസ് സംബന്ധിച്ച വഴിത്തിരിവായ കണ്ടെത്തലുകൾക്കാണ് നൊബേൽ. നൊബേല് അസംബ്ലിയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. വാലന്ബെര്ഗ്സലേനിലുള്ള കരോലിന്സ്ക ഇന്സ്റ്റിറ്റ്യൂട്ടിലാണ് പ്രഖ്യാപനം നടന്നത്.
മേരി ഇ. ബ്രൺകോവ് സിയാറ്റിലിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ്. ഫ്രെഡ് റാംസ്ഡെൽ സാൻ ഫ്രാൻസിസ്കോയിലെ സൊനോമ ബയോതെറാപ്യൂട്ടിക്സ് സ്ഥാപകനും ഷിമോൺ സാകാഗുച്ചി ജപ്പാനിലെ ഒസാക സർവകലാശാലയിലെ ഗവേഷകനുമാണ്.
അതേസമയം, മറ്റു മേഖലകളിലെ പുരസ്കാരങ്ങൾ വരുംദിവസങ്ങളില് പ്രഖ്യാപിക്കും. ചൊവ്വാഴ്ച ഭൗതികശാസ്ത്രം, ബുധനാഴ്ച രസതന്ത്രം, വ്യാഴാഴ്ച സാഹിത്യം, വെള്ളിയാഴ്ച സമാധാനം, ശനിയാഴ്ച സാമ്പത്തിക ശാസ്ത്രം എന്നീ നൊബേലുകളും പ്രഖ്യാപിക്കും. സര്ട്ടിഫിക്കറ്റ്, സ്വര്ണ മെഡല്, 13.31 കോടി രൂപയുടെ ചെക്ക് എന്നിവയാണ് പുരസ്കാരം നേടിയവര്ക്ക് ലഭിക്കുക.