തൃശൂർ: വൈദ്യുതിമേഖലയിലെ വെല്ലുവിളികൾക്കു നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിൽനിന്നു ഗവേഷണപങ്കാളിത്തത്തിനുള്ള താത്പര്യപത്രം ക്ഷണിച്ചു.
സാങ്കേതികവൈദഗ്ധ്യം പ്രയോജനപ്പെടുത്തി വൈദ്യുതിമേഖലയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം.ഊർജമേഖലയിലെ പ്രശ്നങ്ങൾ പഠിച്ച് പ്രായോഗികപരിഹാരം കണ്ടെത്തുന്നതിനും വൈദ്യുതിമേഖലയിലെ വികസനത്തിനു സഹായകമായ ഗവേഷണപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിനും ഇതിലൂടെ സാധിക്കുമെന്നു കമ്മിഷൻ അറിയിച്ചു.
രണ്ടു ഘട്ടങ്ങളിലായാണു പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ സ്ഥാപനങ്ങളുടെ ഗവേഷണശേഷി വിലയിരുത്തി അനുയോജ്യമായ എൻജിനിയറിംഗ് കോളജുകളെ തെരഞ്ഞെടുക്കും. രണ്ടാംഘട്ടത്തിൽ കമ്മിഷൻ നിർദേശിക്കുന്ന പ്രത്യേക വിഷയങ്ങളിൽ ഗവേഷണപദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കും.
ഊർജമാറ്റം, ഊർജസംരക്ഷണം, വൈദ്യുതിനിരക്ക് നിർണയം, വൈദ്യുതി ഉത്പാദനം വിതരണ സംവിധാനങ്ങളുടെ ആസൂത്രണവും പ്രവർത്തനവും, ഉപഭോക്തൃസംരക്ഷണം, വൈദ്യുതവാഹനങ്ങൾ, ഡിമാൻഡ് സൈഡ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണത്തിന് അവസരമുണ്ടാകും.അപേക്ഷകൾ ഓണ്‍ലൈൻ വഴി നവംബർ ആറിനുമുൻപ് താൽപര്യപത്രം സമർപ്പിക്കണം.