ആലപ്പുഴ: ബ്രിട്ടനിലെ ന്യൂകാസിലിലുള്ള നോർത്തുംബ്രിയ സർവകലാശാലയിൽനിന്നുള്ള പ്രഫസർമാരായ സ്റ്റീവ് ടെയ്ലർ, ഇംഗെ ബൗഡെവ്ജിൻ എന്നിവരുടെ നേതൃത്വത്തിൽ പന്ത്രണ്ടംഗ ഗവേഷണ വിദ്യാർഥികൾ കഞ്ഞിക്കുഴി പഞ്ചായത്ത് സന്ദർശിച്ചു.
തിരുവനന്തപുരം ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനമായ ഐഐഎംഎഡി കൺസൾട്ടിംഗ് നടപ്പിലാക്കുന്ന ഫീൽഡ്സ് എന്ന പ്രോഗ്രാമിന്റെ ഭാഗമായാണ് അവർ ഇന്ത്യയിലെത്തിയത്. അക്കാദമിക് ജിജ്ഞാസയെ ഗ്രൗണ്ട് ഇടപെടലുമായി ബന്ധിപ്പിക്കുന്ന ഒരു അനുഭവ ഗവേഷണ പരിപാടിയാണ് ഫീൽഡ് ഇമ്മേഴ്ഷൻ & എക്സ്പീരിയൻഷ്യൽ ലേണിംഗ് ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് ഐഐഎംഎഡിയിലെ മുതിർന്ന ഗവേഷണ അസോസിയേറ്റുകളായ രോഹിത് ഇരുദയരാജനും അജയ് കരുവള്ളിയും ചേർന്നാണ് ടീമിനെ നയിച്ചത്.
ഇന്ത്യ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് കഞ്ഞിക്കുഴി പഞ്ചായത്തിലും അവർ എത്തിയത്. സുസ്ഥിര വികസനവും ദുരന്തനിവാരണവും ഐഛിക വിഷയമായി ഗവേഷണം നടത്തുന്നവരാണ് പഠനത്തിന്റെ ഭാഗമായി ഇന്ത്യ സന്ദർശിക്കാനെത്തിയത്.
പഞ്ചായത്ത് രാജ് സംവിധാനങ്ങളും കഞ്ഞിക്കുഴിയിലെ കുടുംബശ്രീ നടത്തുന്ന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും കാർഷിക മേഖലയിലെ ഇടപെടലുകളും സംഘം കണ്ടു മനസിലാക്കി. പഞ്ചായത്ത് ഓഫീസിലെത്തിയ പന്ത്രണ്ടംഗ ടീമിനെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കഞ്ഞിക്കുഴിയിലെ പരമ്പരാഗത നെൽവിത്തിനമായ വിരിപ്പും മുണ്ടകനും നൽകി വരവേറ്റു.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന കാർഷിക മേഖലയിലെ പ്രശ്നങ്ങളും അവയുടെ പരിഹാരമാർഗങ്ങളും പഞ്ചായത്തിന്റെ ദുരന്ത നിവാരണ പ്രവർത്തനങ്ങളെപ്പറ്റിയും സംഘം ചർച്ച ചെയ്തു. വൈസ് പ്രസിഡന്റ് ലജിതാ തിലകൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ. അശ്വിൻ, ജി. മുരളി, വിജിമോൾ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ സിഡിഎസ് വൈസ് ചെയർപേഴ്സൺ മോളി ഭദ്രസേനൻ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.