തിരുവനന്തപുരം: സംസ്ഥാനത്ത് ആരംഭിക്കാനിരിക്കുന്ന സ്വകാര്യ സർവകലാശാലകൾക്ക് സംവരണവും ഫീസ് ഇളവും ഉറപ്പാക്കുന്ന വ്യവസ്ഥകളും ഇന്നലെ മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ കരടിൽ നിർദേശിക്കുന്നു.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന നിശ്ചിത ശതമാനം പേർക്ക് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ഫീസിളവു നൽകണം. ജാതി സംവരണവും ഉറപ്പാക്കിയിട്ടുണ്ട്.
എല്ലാ കോഴ്സിലെയും നാലിലൊന്നു സീറ്റുകൾ മലയാളി വിദ്യാർഥികൾക്കു നിർബന്ധമായി നൽകണം. ഇതു സംബന്ധിച്ചു സർക്കാരുമായി കരാറിൽ ഒപ്പിടണം. ഈ മാസം 30നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ പരിഗണനയ്ക്കെത്തും.
ഫീസ് നിശ്ചയിക്കാനായി റിട്ടയേഡ് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ ഫീ റെഗുലേറ്ററി അഥോറിറ്റിയുമുണ്ടാകും. പരാതികൾ പരിഹരിക്കാനും സർക്കാർ തലത്തിലെ സംവിധാനമുണ്ടാകും. പരാതികളിൽ സ്വകാര്യ സർവകലാശാല ചാൻസലറോട് വിശദീകരണം തേടാനും സർക്കാരിന് അധികാരമുണ്ടാകും.
പത്ത് ഏക്കർ ഭൂമിയുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. ഒന്നിലേറെ നഗരങ്ങളിലായി 10 ഏക്കർ ഭൂമി ഉണ്ടായാലും മതി.
സർവകലാശാല തുടങ്ങാൻ ട്രഷറിയിൽ സ്ഥിരനിക്ഷേപം എത്രയാകണമെന്ന് ഓരോ അപേക്ഷയും പരിശോധിച്ചു വിദഗ്ധസമിതി തീരുമാനിക്കും. ആക്ടിൽ തുക എത്രയാണെന്ന് നിർദേശിക്കില്ല.
കൂടുതൽ ഭൂമി കൈവശമുള്ളവർക്ക് നിക്ഷേപം കുറയ്ക്കും. കോഴ്സുകളുടെയും വിദ്യാർഥികളുടെയും എണ്ണത്തിന് അനുസരിച്ച് നിക്ഷേപത്തുക നിശ്ചയിക്കും. വിദേശ സർവകലാശാല കേരളത്തിൽ തുടങ്ങാനും ഇതേ ബില്ലിൽ വ്യവസ്ഥയുണ്ട്. വിദേശ സർവകലാശാലകൾക്ക് കേരളത്തിൽ പുതിയ സർവകലാശാല തുടങ്ങാനും നിലവിലുള്ള സർവകലാശാലകളോ കോളജുകളോ ഏറ്റെടുത്തു സർവകലാശാല തുടങ്ങാനും ബില്ലിൽ വ്യവസ്ഥയുണ്ട്.