വൈപ്പിൻ: വൈപ്പിൻ-ഫോർട്ടുകൊച്ചി റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഏക റോ-റോ സേതു സാഗർ 2 കൂടി തകരാറിലായതോടെ ഇന്നലെ മൂന്നു മണിക്കൂറോളം സർവീസ് പൂർണമായി മുടങ്ങി. ഉച്ചക്ക് 12ഒാടെ എൻജിൻ തകരാറിനെതുടർന്നാണ് സർവീസ് നിർത്തിവച്ചത്. പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി ഉച്ചകഴിഞ്ഞ് മൂന്നോടെ സർവീസ് പുനരാരംഭിച്ചു. ഈ സമയമത്രയും അക്കര ഇക്കരെ പോകാനുള്ള യാത്രക്കാരും വാഹനങ്ങളും പെരുവഴിയിലായി.
സ്റ്റിയറിംഗ് തകരാറിലായ സേതു സാഗർ 1 ഒരാഴ്ച മുമ്പാണ് സർവീസ് നിർത്തിവച്ചത്. ഇത് എന്ന് സർവീസ് പുനരാരംഭിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്. അതേസമയം നാലര മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൂന്നാമത്തെ റോ-റോ ഇതുവരെ സർവീസ് ആരംഭിക്കാതെ കൊച്ചിൻ ഷിപ്യാഡിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇത് എന്ന് സർവീസിനിറക്കുമെന്ന കാര്യത്തിൽ കൊച്ചിൻ കോർപറേഷന് ഇപ്പോഴും ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ ഷിപ്യാഡിൽനിന്നു മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളതായി അറിയുന്നു.
സേതു സാഗർ 3:ഉദ്ഘാടന ചെലവ് 2.95 ലക്ഷം
വൈപ്പിൻ : ഇനിയും സർവീസ് ആരംഭിക്കാതെ കിടക്കുന്ന സേതു സാഗർ 3 എന്ന റോ-റോയുടെ ഉദ്ഘാടന ചടങ്ങിന് മാത്രം കൊച്ചിൻ കോർപറേഷൻ ചെലവഴിച്ചത് 2 ,95,000 രൂപ. പൊതുപ്രവർത്തകനായ ജോണി വൈപ്പിൻ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതനുസരിച്ച് കോർപറേഷൻ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവരം പുറത്തറിഞ്ഞതോടെ കണക്ക് അവിശ്വസനീയമെന്നാണ് പലരുടെയും പ്രതികരണം.