തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് കേസിൽ നാല് പിഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും പിഎസ്സിയും തമ്മിലുള്ള തർക്കം മുറുകുന്നു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകില്ലെന്ന പിഎഎസ്സി അംഗങ്ങളുടെ നിലപാടിനോടു വഴങ്ങേണ്ടതില്ലെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം.
പിഎസ്സി അംഗങ്ങളായ എസ്.എ. സെയ്ഫ്, എസ്. ശ്രീകുമാർ, സി.കെ. ഷാജിബ്, സ്റ്റാനി തോമസ് എന്നിവർ ഇന്നലെ ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നു കാണിച്ച് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഇന്നലെ ഹാജരായില്ല. ഈ പശ്ചാത്തലത്തിൽ തുടർ നടപടികൾ സംബന്ധിച്ച് അന്വേഷണ സംഘം നിയമോപദേശം തേടി.
ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ അംഗങ്ങൾ അന്വേഷണ ഏജൻസിയുടെ ഓഫീസിലെത്തി ചോദ്യം ചെയ്യലിന് വിധേയരാകുന്ന കീഴ്വഴക്കമില്ലെന്ന നിലപാടാണ് പിഎസ്സി ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന പിഎസ്സി യോഗത്തിലും ചോദ്യംചെയ്യലിനായി ഹാജരാകേണ്ടതില്ലെന്ന തീരുമാനമാണ് ഉണ്ടായത്.
എന്നാൽ, ചോദ്യംചെയ്യലിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും അന്വേഷണസംഘം ആവശ്യപ്പെടുന്ന സ്ഥലത്ത് അംഗങ്ങൾ ഹാജരാകണമെന്നുമാണ് എസ്ഐടിയുടെ നിലപാട്. ഈ നിലപാടിൽനിന്ന് പിന്നോട്ടില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കു നടന്ന പരീക്ഷയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനെ ത്തുടർന്നാണ് നാല് പിഎഎസ്സി അംഗങ്ങളെ ചോദ്യം ചെയ്യാൻ എസ്ഐടി നോട്ടീസ് നൽകിയത്.