വിളക്കന്നൂർ(കണ്ണൂർ): ഈശോയുടെ തിരുമുഖം പതിഞ്ഞ തിരുവോസ്തി ആദ്യമായി ദർശിച്ച ഫാ. തോമസ് പതിക്കലിന് ദിവ്യകാരുണ്യം അടയാളമേകിയ വിളക്കന്നൂരിന്റെ മണ്ണിൽ നിത്യനിദ്ര. ദിവ്യകാരുണ്യ അടയാളത്തിനു സാക്ഷ്യംവഹിച്ച അൾത്താരയോടും പ്രിയജനത്തോടും വിടചൊല്ലിയ പതിക്കലച്ചന് യാത്രമൊഴിയേകാൻ ആയിരങ്ങൾ ഒഴുകിയെത്തി.
വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറാൾമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. മാത്യു ഇളംതുരുത്തിപ്പടവിൽ, തോമസച്ചന്റെ കുടുംബാംഗമായ ഫാ. ജോസ് പൂവന്നിക്കുന്നേൽ എന്നിവർ സഹകാർമികരായി.
ഇന്നലെ രാവിലെ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിലായിരുന്നു സംസ്കാര ശുശ്രൂഷകളുടെ ആദ്യഭാഗം. തുടർന്ന് രാവിലെ എട്ടരയോടെ മൃതദേഹം വിളക്കന്നൂർ പള്ളിയിലെത്തിച്ചു. അപ്പോഴേക്കും ആയിരങ്ങൾ പള്ളിയങ്കണത്തിൽ നിറഞ്ഞിരുന്നു.
നൂറുകണക്കിന് വൈദികരും സിസ്റ്റേഴ്സും സംസ്കാര ശുശ്രൂഷകൾക്ക് സാക്ഷികളായി. അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങൾ എത്തിയതോടെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംസ്കാരചടങ്ങുകൾ പൂർത്തിയായത്.
മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയസാമൂഹിക മേഖലകളിലെ നിരവധിപേരും അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു.