പെരിന്തല്മണ്ണ: 41-ാം വിവാഹ വാര്ഷികദിനം വ്യത്യസ്തമായൊരു പരിസ്ഥിതി സ്നേഹപ്രവര്ത്തനത്തിലൂടെ ആഘോഷമാക്കി റിട്ടയേര്ഡ് അധ്യാപക ദമ്പതികള്.
പരിസ്ഥിതി പ്രവര്ത്തകരായ ആനമങ്ങാട് ബാലകൃഷ്ണനും ഭാര്യ ഗിരിജ ബാലകൃഷ്ണനുമാണ് തങ്ങളുടെ വിവാഹ വാര്ഷികത്തിന്റെ ഓര്മയ്ക്കായി കുട്ടപ്പുറം നിളയോരം ജൈവവൈവിധ്യ ഉദ്യാനത്തില് അശോകവനി ഒരുക്കിയത്.
വംശനാശഭീഷണി നേരിടുന്ന നിത്യഹരിത ഔഷധവൃക്ഷമായ അശോകത്തിന്റെ 41 തൈകളാണ് 41-ാം വിവാഹ വാര്ഷികത്തോടനുബന്ധിച്ച് ഇരുവരും പാര്ക്കില് നട്ടുപിടിപ്പിച്ചത്.
പാര്ക്ക് മാനേജര് മോനുട്ടി പൊയിലിശേരി ഉദ്ഘാടനം ചെയ്ത ചടങ്ങില് അശോകത്തിന് പുറമേ വയ്യങ്കത, മൂട്ടിപ്പഴം, ചിരുവില്വം തുടങ്ങിയവയുടെ തൈകളും വെച്ചുപിടിപ്പിച്ചു.
പാര്ക്കിലെ ജീവനക്കാരും സന്ദര്ശകരും തൈകള് നടുന്നതില് പങ്കാളികളായി.
നേരത്തേയും ഈ ദമ്പതികളുടെ നേതൃത്വത്തില് പാര്ക്കില് നക്ഷത്രവനം, ത്രിഫലോദ്യാനം എന്നിവയ്ക്ക് പുറമേ കുന്തിരിക്കം, രുദ്രാക്ഷം, കമണ്ഡലു, കര്പ്പൂരം തുടങ്ങി നൂറിലധികം അപൂര്വ ഇനം വൃക്ഷത്തൈകള് നട്ടുപിടിപ്പിച്ചിട്ടുണ്ട്.
പശ്ചിമഘട്ട വനങ്ങളില് മാത്രം കാണപ്പെടുന്നതും വംശനാശഭീഷണി നേരിടുന്നതുമായ കുളവെട്ടിയുടെ തൈകള് പാര്ക്കില് സ്ഥാപിച്ചതും ഈ അധ്യാപക ദമ്പതികളാണ്.