ഒക്ലഹോമ: പരിശുദ്ധാത്മാവ് വിശ്വാസിയുടെ ജീവിതത്തിൽ എന്നേക്കും വസിക്കുന്ന സാന്നിധ്യമാണ് അവൻ മരിച്ചിടത്ത് ജീവനും നിരാശയുള്ളിടത്ത് പ്രത്യാശയും നൽകുന്നുവെന്നു മാർത്തോമ്മാ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റവ.പി.സി. ജെയിംസ്.
നോർത്ത് അമേരിക്ക സൗത്ത് വെസ്റ്റ് ഭദ്രാസനത്തിന്റെ മാർത്തോമ്മ വോളണ്ടറി ഇവാഞ്ചലിസ്റ്റ്സ് അസോസിയേഷൻ ഈ മാസം 20 മുതൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ മൂന്നാം ദിനം കേരളത്തിൽ നിന്നും സൂം പ്ലാറ്റുഫോമിലൂടെ മുഖ്യ സന്ദേശം നൽകുകയായിരുന്നു റവ.പി.സി. ജെയിംസ്.
ഒക്ലഹോമ മാർത്തോമ്മ ഇടവകയുടെ നേതൃത്വത്തിൽ നടന്ന പ്രത്യേക സമ്മേളനം വിശ്വാസികളുടെയും സഭാസ്നേഹികളുടെയും സജീവ സാന്നിധ്യത്താൽ യോഗം ശ്രദ്ധേയമായി.
ആരംഭത്തിൽ റവ. കെ. എം. മാത്യുവിന്റെ പ്രാർഥനയോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് മാർത്തോമ്മ ചർച്ച് ഓഫ് ഒക്ലഹോമ ക്വയർ ആലപിച്ച മനോഹരമായ ഗാനം സഭയ്ക്ക് ആത്മീയ അനുഭൂതി പകർന്നു.
വർഗീസ് ചാണ്ടപ്പിള്ള സ്വാഗതം പറഞ്ഞു. റവ. എബ്രഹാം വി. സാംസൺ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സഭയുടെ വിവിധ ആവശ്യങ്ങൾക്കായി ചാക്കോ തോമസും ഓമന ചാണ്ടപ്പിള്ളയും പ്രത്യേക മദ്ധ്യസ്ഥപ്രാർഥനകൾ നേതൃത്വം നൽകി.
തുടർന്ന് സോസമ്മ കോശി വേദപുസ്തക ഭാഗം വായിച്ചു. യോഗത്തിലെ മുഖ്യ പ്രഭാഷണം എംടിവിഇഎ ജനറൽ സെക്രട്ടറി റവ. പി.സി. ജെയിംസ് നിർവഹിച്ചു. സഭാമക്കൾക്ക് ഏവർക്കും പ്രചോദനമാകുന്ന ചിന്തകളാണ് അദ്ദേഹം പങ്കുവച്ചത്.
ചടങ്ങിന്റെ അവസാന ഘട്ടത്തിൽ ഷിജി ടോം ഫിലിപ്പ് ഏവർക്കും നന്ദി രേഖപ്പെടുത്തുകയും റവ. കെ. എം. മാത്യു സമാപന പ്രാർഥന നടത്തുകയും ചെയ്തു. റവ. പി.സി. ജെയിംസിന്റെ ആശീർവാദത്തോടുകൂടി യോഗം പര്യവസാനിച്ചു.