തലശേരി: കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ നഗരത്തിൽ പത്താം ക്ലാസ് വിദ്യാർഥിനിയായ പതിനഞ്ചുകാരിയെ എട്ടംഗ സംഘം പീഡിപ്പിച്ച സംഭവം കെട്ടുകഥ. എഫ്ഐആർ രജിസ്റ്റർ ചെയ്തു രണ്ടുപേരെ പിടികൂടിയ പോലീസ് ഒടുവിൽ ത്രിശങ്കുവിലായി.
പ്രണയപ്പകയാണ് സംഭവത്തിനു പിന്നിലെന്ന പെൺകുട്ടിയുടെ തുടർമൊഴി കണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉദ്യാഗസ്ഥർ അമ്പരന്നു. പെൺകുട്ടിയുടെ ആദ്യ മൊഴി പ്രകാരം പ്രതി സ്ഥാനത്തേക്ക് എത്തുമായിരുന്ന എട്ട് യുവാക്കളും അവരുടെ കുടുംബങ്ങളുമാണ് മൂന്നു ദിവസം മുൾമുനയിൽ നിന്നത്. ആ കുടുംബങ്ങൾ എല്ലാം അപമാനത്തിൽനിന്നു രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
കെട്ടുകഥ ഇങ്ങനെ
ആൺസുഹൃത്ത് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ പകർത്തിയ ശേഷം പെൺകുട്ടിയെ തന്റെ മറ്റ് സുഹൃത്തുക്കൾക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്നായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആദ്യ മൊഴി.
രണ്ടര മാസം പീഡനത്തിനിരയായെന്നും ഇതിനെത്തുടർന്ന് പെൺകുട്ടി നഗരമധ്യത്തിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്കു ശ്രമിച്ചുവെന്നുമായിരുന്നു പോലീസിനു ലഭിച്ച വിവരം. വിഷയം അതീവ ഗൗരവത്തിലെടുത്ത പോലീസ് സംഭവത്തിൽ മൂന്നു കേസുകളാണ് രജിസ്റ്റർ ചെയ്തത്. അന്നുതന്നെ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു.
റെയ്ഡ്, തെരച്ചിൽ
മറ്റ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞതായും ഇവരെ പിടികൂടാൻ വ്യാപകമായ റെയ്ഡ് നടത്തുകയും ചെയ്തു. കണ്ണൂർ പയ്യാമ്പലം, മാഹി തുടങ്ങിയ സ്ഥലങ്ങളിൽ കാറിൽ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു മൊഴി. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി പെൺകുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി.
പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ കോൾ റിക്കർഡുകളും പോലീസ് ശേഖരിച്ചു. മെഡിക്കൽ പരിശോധനയിൽ പീഡനം നടന്നതായി കണ്ടെത്താനോ സിസിടി വി ദൃശ്യങ്ങളിലും കോൾ റിക്കാർഡുകളിലും പെൺകുട്ടി പറഞ്ഞ ദിവസങ്ങളിലും സമയത്തും പെൺകുട്ടി പറഞ്ഞ സ്ഥലങ്ങളിൽ പ്രതികളുടെയോ പെൺകുട്ടിയുടെയോ സാന്നിധ്യം കണ്ടെത്താനുമായില്ല. തുടർന്നുള്ള അന്വേഷണത്തിലാണ് പെൺകുട്ടി പറഞ്ഞത് കെട്ടുകഥയാണെന്ന് പോലീസിനു ബോധ്യപ്പെട്ടത്.
പ്രണയപ്രതികാരം
ഇരുപത്തിരണ്ടുകാരനായ ആൺസുഹൃത്ത് തന്നോടുള്ള ഇഷ്ടം ഉപേക്ഷിക്കുകയും മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാകുകയും ചെയ്തതിന്റെ വിരോധത്തിൽ ആൺസുഹൃത്തിനെയും സുഹൃത്തുക്കളെയും കുടുക്കാനാണ് പീഡനകഥ മെനഞ്ഞതെന്നു പെൺകുട്ടി പോലീസിനോടു പറഞ്ഞു. ഇതോടെ കസ്റ്റഡിയിലുണ്ടായിരുന്ന യുവാക്കളെ പോലീസ് വിട്ടയച്ചു.
മാളിൽ വച്ച് പരിചയപ്പെട്ടു പ്രണയത്തിലായ യുവാവിനോടും കൂട്ടുകാരോടുമാണു പെൺകുട്ടി പ്രണയപ്പക തീർക്കാൻ ശ്രമിച്ചത്. നിലവിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളിൽ പെൺകുട്ടിയുടെ മൊഴിയും ശാസ്ത്രീയ തെളിവുകളും ഉൾപ്പെടെ കോടതിക്കു റിപ്പോർട്ട് നൽകാനുള്ള ഒരുക്കത്തിലാണ് പോലീസ്.