കോതമംഗലം: വീടിനുമുന്നിലെ കയറ്റത്തില്‍ നിര്‍ത്തിയ ആഡംബര ജീപ്പ് പിന്നോട്ടുരുണ്ട് വാഹനത്തിനും മതിലിനുമിടയില്‍ ഞെരുങ്ങിയമര്‍ന്ന് പ്രവാസി മരിച്ചു.
ഊന്നുകല്‍ കതിരുവേല്‍തണ്ട് കാരിമറ്റംവീട്ടില് ഹരിപ്രസാദിന്റെ മകന് എച്ച്. അരുണാ (52)ണു മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെയായിരുന്നു അപകടം.
ഇടവഴിയില്‍നിന്നു വീട്ടിലേക്ക് കയറുന്ന ഗേറ്റ് ഭാഗത്തായിരുന്നു ജീപ്പ് പാര്‍ക്ക് ചെയ്തിരുന്നത്. രാത്രി ഭക്ഷണം വാങ്ങാനായി ജീപ്പെടുക്കാനായി ടയറിനടിയിലെ തടസം നീക്കുന്നതിനിടെ പിന്നോട്ടുനീങ്ങിയ ജീപ്പിനും എതിര്‍വശത്തെ മതിലിനും ഇടയിൽ അരുണ്‍ ഞെരിഞ്ഞമരുകയായിരുന്നു.
അതുവഴി വന്ന വാഹനയാത്രികന് ജീപ്പ് റോഡിനു കുറുകെ കിടക്കുന്നതു കണ്ട് വീട്ടില്‍ പോയി അന്വേഷിച്ചപ്പോള്‍ തങ്ങളുടെ വാഹനമാണ് അവിടെയുള്ളതെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാരടക്കം ചെന്നുനോക്കിയപ്പോഴാണ് അരുണ്‍ വാഹനത്തിന് അടിയില്‍ ഞെരുങ്ങിയമര്‍ന്ന് കിടക്കുന്നതു കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംസ്കാരം ചൊവ്വാഴ്ച പ്രക്കാനം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ . സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അരുണും ഭാര്യയും രണ്ടാഴ്ച മുമ്പാണ് അവധിക്കു നാട്ടിലെത്തിയത്. ഭാര്യ അഞ്ജു പത്തനംതിട്ട പ്രക്കാനം കുഴിമുറിയില്വില്ല കുടുംബാംഗം. മക്കള്‍: സൈറസ്, സെഫാന്, അനോറ.