താമരശേരി: 2026 ജൂലൈയില്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഏഴാമത് ഇഎസ്എ കരട് വിജ്ഞാപനത്തിലെ അതിര്‍ത്തിനിര്‍ണയവും ഭൂപടങ്ങളും ശാസ്ത്രീയമായി പുനഃപരിശോധിക്കണമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ആറു സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തില്‍ 56,825.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയായി നിര്‍ദേശിക്കുന്ന കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 131 ഗ്രാമങ്ങളിലായി 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു റവന്യു വില്ലേജ് എന്നത് ഒരു ഭരണപരമായ യൂണിറ്റാണ്. അത് ഒരു ഏകതാനമായ പരിസ്ഥിതി യൂണിറ്റല്ല.
ഒരു ഗ്രാമത്തിനുള്ളില്‍ വനപ്രദേശം, സംരക്ഷിത പ്രദേശം, കൃഷിഭൂമി, തോട്ടങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, റോഡുകള്‍, ജലാശയങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ഭൂവിനിയോഗ മേഖലകളുണ്ടാകും. അതിനാല്‍ ഒരു ഗ്രാമത്തെ മുഴുവനായി ഇഎസ്എയില്‍ ഉള്‍പ്പെടുത്തുന്ന രീതിയല്ല, യഥാര്‍ഥ പാരിസ്ഥിതിക പ്രത്യേകതകളുടെ അടിസ്ഥാനത്തിലുള്ള ഭൂവിനിയോഗ മാപ്പിംഗാണ് വേണ്ടതെന്നു സമിതി ചൂണ്ടിക്കാട്ടി.
ജനവാസ മേഖലകളും കൃഷിഭൂമിയും ഉള്‍പ്പെടുന്ന റവന്യു ഭൂമിയില്‍ വനനിയമങ്ങള്‍ ബാധകമാകുന്ന ഇഎസ്എ പരിധിയില്‍നിന്ന് ഒഴിവാക്കണം. മതിയായ രേഖകളോടെ ദീര്‍ഘകാലമായി മനുഷ്യര്‍ കൈവശം വച്ച് അനുഭവിക്കുകയും താമസിക്കുകയും കൃഷി നടത്തുകയും ചെയ്യുന്ന ജനവാസ മേഖലകള്‍, കാര്‍ഷിക ഭൂമികള്‍, തോട്ടങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ പൊതു സ്ഥാപനങ്ങള്‍ മറ്റ് പരമ്പരാഗത മനുഷ്യവിനിയോഗ പ്രദേശങ്ങള്‍ എന്നിവ ഇഎസ്എ ആയി പ്രഖ്യാപിക്കരുത്.
വനത്തെയും തലമുറകളായി കൃഷി ചെയ്തുവരുന്ന കൃഷിഭൂമിയെയും ഒരു പോലെ കാണാന്‍ കഴിയില്ല. വനസംരക്ഷണത്തിന്റെ പേരില്‍ തലമുറകളായി കൃഷി ചെയ്തു ജീവിക്കുന്ന ജനങ്ങളെ വനനിയമം അടിച്ചേല്‍പ്പിച്ച് അനാവശ്യ നിയന്ത്രണങ്ങള്‍ക്കു വിധേയരാക്കുന്നതു നീതിയുക്തമല്ലെന്നു സമിതി വ്യക്തമാക്കി. ഇപ്പോഴത്തെ കരടു വിജ്ഞാപനത്തോടൊപ്പം സാധാരണക്കാര്‍ക്ക് മനസിലാകുന്ന ഭൂപടം പ്രസിദ്ധീകരിക്കണം.
തിരുത്തിയതും കൃത്യവുമായ ഇഎസ്എ ഭൂപടങ്ങള്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കണം. ബാധിക്കപ്പെടുന്ന ഗ്രാമങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും അര്‍ഥവത്തായ പൊതുജനാഭിപ്രായ ശേഖരണം നടത്തണം. കൃത്യമായ ഭൂപടങ്ങള്‍ അടക്കം തിരുത്തിയ രേഖകള്‍ ലഭ്യമാക്കിയ ശേഷം എതിര്‍പ്പുകള്‍ സമര്‍പ്പിക്കാന്‍ മതിയായ സമയം നല്‍കണം.
നിലവിലെ കരട് വിജ്ഞാപനപ്രകാരം പൊതുജനങ്ങള്‍ക്ക് എതിര്‍പ്പുകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാന്‍ ജൂലൈ 27 മുതല്‍ 60 ദിവസമാണ് സമയപരിധി. എന്നാല്‍ കൃത്യമായി തിരുത്തിയ ഭൂപടങ്ങളും മലയാളത്തിലുള്ള രേഖകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനു മുമ്പ് ഈ കാലയളവ് പ്രായോഗികമായി അവസാനിക്കരുത്.
അടിസ്ഥാന വിഷയങ്ങള്‍ പരിഹരിച്ച ശേഷമേ ഇഎസ്എ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നും സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ രക്ഷാധികാരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ചെയര്മാന് മോണ്‍. ജോയ്സ് വയലില്‍, ജനറല്‍ കണ്‍വീനര്‍ ഡോ. ചാക്കോ കാളംപറമ്പില്‍, കോ- ഓര്‍ഡിനേറ്റര്‍ ഫാ. സുബിന് കവളക്കാട്ട്, ഭാരവാഹികളായ ജോയി കണ്ണഞ്ചിറ, ടെന്നിസണ്‍ ചാത്തന്‍കണ്ടം എന്നിവര്‍ സംസാരിച്ചു.