ലണ്ടൻ: ഇറാന്റെ കരുത്തരായ സൈനികവിഭാഗമായ ഇസ്ലാമിക് റവലൂഷണറി ഗാർഡ് കോർപ്സിനെ (ഐആർജിസി) ബ്രിട്ടൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചു.
ആഭ്യന്തര സെക്രട്ടറി ശബ്ന മഹ്മൂദാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇതോടെ യുകെയിൽ വിപ്ലവഗാർഡുകളെ പിന്തുണയ്ക്കുന്നത് കടുത്ത ക്രിമിനൽ കുറ്റമായി മാറും.
ദേശീയ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുന്ന പ്രവർത്തനങ്ങളിൽ ഐആർജിസി ഏർപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകൾ ലഭിച്ചതിനെത്തുടർന്നാണു നടപടിയെന്ന് യുകെ ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.
ഇതിനുപുറമെ, ബ്രിട്ടനിലെ യഹൂദകേന്ദ്രങ്ങൾക്കുനേരേ നടന്ന ആക്രമണങ്ങളുമായി ബന്ധമുള്ള ‘ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദ കംപാനിയൻസ് ഓഫ് ദ റൈറ്റ്', റഷ്യൻ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്താരാഷ്ട്ര ശാഖയായി അറിയപ്പെടുന്ന ‘റഷ്യൻ ഫെഡറേഷൻ വോളന്റിയർ കോർപ്സ്’എന്നീ സംഘടനകളെയും ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്.