തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ഏക ഒറ്റക്കൊമ്പൻ കാണ്ടാമൃഗമായിരുന്ന ശംഭു ചത്തു. പ്രായാധിക്യത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ശംഭു കഴിഞ്ഞ രാത്രിയോടെയാണ് വിടവാങ്ങിയത്.
ശംഭുവിന്റെ വിയോഗത്തോടെ തിരുവനന്തപുരം മൃഗശാലയിലെ കാണ്ടാമൃഗങ്ങളുടെ സാന്നിധ്യം ഇല്ലാതായി. വർഷങ്ങളായി മൃഗശാലയിലെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട കാഴ്ചകളിലൊന്നായിരുന്നു ഈ കൂറ്റൻ കാണ്ടാമൃഗം. 1993 മേയ് 19നാണ് അസമിലെ ഗുവാഹത്തിയിലുള്ള സ്റ്റേറ്റ് സൂവോളജിക്കൽ പാർക്കിൽനിന്ന് ശംഭുവിനെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്.
അന്ന് വെറും അഞ്ച് വയസായിരുന്നു പ്രായം. 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് അധികൃതർ ശംഭുവിനെ കേരളത്തിലെത്തിച്ചത്. അസമിൽനിന്ന് കൊണ്ടുവരുമ്പോൾ ജാദു എന്നായിരുന്നു പേര്. തിരുവനന്തപുരത്തെത്തിയ ശേഷമാണ് ശംഭുവെന്ന് പുനർനാമകരണം ചെയ്തത്. പിന്നീട് മൂന്ന് പതിറ്റാണ്ടിലേറെക്കാലം തലസ്ഥാന മൃഗശാലയിലെ ശ്രദ്ധേയ സാന്നിധ്യമായി ശംഭു തുടർന്നു.