സിയാറ്റിൽ: കേരളത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന താളവാദ്യകലാരൂപമായ പഞ്ചാരി മേളം ചരിത്രത്തിലാദ്യമായി സിയാറ്റിലിൽ അരങ്ങേറി. പ്രവാസി മലയാളി കൂട്ടായ്മയായ "PanchariZ - Rhythm of Kerala' എന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം യാഥാർഥ്യമായത്.
പസഫിക് നോർത്ത് വെസ്റ്റിലെ മേളക്കലയുടെ ചരിത്രത്തിൽ ഇതൊരു പുതിയ അധ്യായമായി കലാസ്വാദകർ വിലയിരുത്തുന്നു.തിരക്കേറിയ പ്രവാസി ജീവിതത്തിനിടയിലും കലയോടുള്ള കടുത്ത അർപ്പണബോധം കൈവിടാതെ, ഏകദേശം രണ്ടര വർഷത്തോളമായി കഠിനശിക്ഷണം നടത്തിയ 17 കലാസ്നേഹികളാണ് ഈ സ്വപ്നതുല്യമായ നേട്ടത്തിന് പിന്നിൽ.
സംഘത്തിലെ 16 പേർ സിയാറ്റിലിൽ നിന്നുള്ളവരും ഒരാൾ കാലിഫോർണിയയിൽ നിന്നുള്ളതുമാണ്. മേള കലാരത്നം കലാമണ്ഡലം ശിവദാസ് ആശാനും കലാക്ഷേത്ര രാജേഷ് നായരും ഓൺലൈനായും നേരിട്ടും നൽകിയ കൃത്യമായ പരിശീലനമാണ് ഈ ചരിത്രനേട്ടത്തിന് വഴിയൊരുക്കിയത്.
2026 ജൂലൈ 11ന് വാഷിംഗ്ടണിലെ മൗണ്ട് സായി ഹൈസ്കൂൾ പെർഫോമിംഗ് ആർട്സ് സെന്ററിലായിരുന്നു ഈ ചരിത്രപരമായ പഞ്ചാരി മേള അരങ്ങേറ്റം. പഞ്ചാരി മേളത്തിന്റെ പാരമ്പര്യവും തനിമയും ഒട്ടും ചോർന്നുപോകാതെ കാക്കാൻ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കൊമ്പ്, കുഴൽ, ഇലത്താളം, വലന്തല കലാകാരന്മാരും ഈ അവതരണത്തിൽ പങ്കുചേർന്നു.
മുരളി രാഘവൻ, വിഷ്ണു കൃഷ്ണൻ, ജോജോ ചാലിശ്ശേരി, ആഷിത റഹ്മാൻ, ലത സന്തോഷ്, രോഹിത് രാമചന്ദ്രൻ, സുരേഷ് എസ്. നായർ, ഹരിഹർ ശങ്കർ, സുരേഷ് ചെല്ലപ്പൻ, പ്രവീൺ ദേവബാലൻ, വിനീത് എ. നായർ, ആനന്ദ് മേനോൻ, മഞ്ജുള കലൂർ, വിശ്വം ചങ്ങരത്ത്, മിലി ജോർജ് ഓജസ്, പ്രകാശ് മേനോൻ, അജിത് കോതാരമത്ത് എന്നിവരാണ് ഈ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ചവർ.