നെല്ലിയാമ്പതി: മലനിരകളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം വീണ്ടും ആശങ്ക ഉയർത്തുന്നു. ചുരം റോഡിലെ പതിനാലാം വളവിനടുത്തുള്ള വ്യൂ പോയിന്റിനോടുചേർന്ന് സ്ഥാപിച്ചിരുന്ന പഞ്ചായത്തിന്റെ വേസ്റ്റ് ബിൻ കാട്ടാന തകർത്ത നിലയിൽ കണ്ടെത്തിയ സംഭവം പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തുകയാണ്.
സഞ്ചാരികൾ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ലഭിക്കാനായി വേസ്റ്റ് ബിന്നിനടുത്തെത്തിയ കാട്ടാനയാണ് ഇതു ചവിട്ടിത്തകർത്തതെന്ന് പ്രാഥമികമായി കരുതുന്നു. സംഭവസ്ഥലത്തിനുസമീപം കണ്ടെത്തിയ ആനപ്പിണ്ടം കാട്ടാന ഇവിടെ നിരന്തരം എത്തുന്നതിന്റെ തെളിവാണെന്നു നാട്ടുകാർ പറയുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആനയുടെ സാന്നിധ്യം ഈ മേഖലയിൽ പതിവായിട്ടുണ്ടെന്നു ടാക്സി ഡ്രൈവർമാർ പറയുന്നു. വേനൽക്കാലം കഠിനമായതോടെ മലനിരകളിലെ സ്വാഭാവിക ജലസ്രോതസുകൾ വറ്റിപ്പോകുന്നത് വന്യമൃഗങ്ങളെ താഴെ പ്രദേശങ്ങളിലേക്ക് എത്തിക്കുന്ന പ്രധാന കാരണമായി പറയപ്പെടുന്നു.
കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി കാട്ടാനകളും മറ്റു മൃഗങ്ങളും റോഡരികിലേക്ക് ഇറങ്ങിവരുന്നത് ഇപ്പോൾ സാധാരണ കാഴ്ചയായിട്ടുണ്ട്. സഞ്ചാരികൾ ഉപേക്ഷിക്കുന്ന കുപ്പിവെള്ളവും ഭക്ഷണാവശിഷ്ടങ്ങളും ഇവയുടെ പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ്.
ഇതിനൊപ്പം, വാനരങ്ങൾ അടങ്ങിയ കൂട്ടങ്ങളും വേസ്റ്റ് ബിന്നുകൾ തുറന്ന് ഭക്ഷണം തേടുന്നത് വിനോദസഞ്ചാരികൾക്ക് കൗതുകമായി തോന്നുന്നുവെങ്കിലും, ഇത് വന്യമൃഗങ്ങളുടെ സ്വാഭാവിക സ്വഭാവത്തിൽ മാറ്റം വരുത്തുന്ന അപകടകരമായ പ്രവണതയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.വന്യമൃഗങ്ങൾ സാധാരണയായി വെള്ളത്തിനായി സമീപത്തെ പോത്തുണ്ടി ഡാം ഭാഗത്തേക്ക് എത്താറുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് പോത്തുണ്ടി സാഹസിക ഉദ്യാനത്തിൽ എത്തിയ കാട്ടാന, ചെടികളും പനകളും നശിപ്പിച്ച സംഭവവും ഇതിനോട് അനുബന്ധിച്ച് ശ്രദ്ധേയമാണ്. ജനവാസമേഖലകളിലും കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
തൊഴിലാളികൾ താമസിക്കുന്ന പാടികളിൽ വെള്ളവും ചക്കയും തേടി കാട്ടാനകൾ എത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ വിദ്യാർഥികൾക്കും തൊഴിലാളികൾക്കും പുറത്തുപോയി യാത്ര ചെയ്യുന്നതിൽ ഭീഷണി ഉയർന്നിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, വന്യമൃഗങ്ങൾക്ക് മലമുകളിൽ തന്നെ കുടിവെള്ള സൗകര്യം ഉറപ്പാക്കുകയും, വിനോദസഞ്ചാരികൾക്ക് കർശന മാർഗനിർദ്ദേശങ്ങൾ നൽകുകും ചെയ്യണമെന്ന് ആവശ്യങ്ങൾ ശക്തമാകുന്നു.
മാലിന്യസംസ്കരണം കാര്യക്ഷമമാക്കുന്നതും വന്യമൃഗങ്ങളെ മനുഷ്യവാസ മേഖലകളിൽ നിന്ന് അകറ്റാൻ സഹായിക്കുമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. വനംവകുപ്പ് അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് സ്ഥിരപരിഹാരം കാണണമെന്നും പ്രദേശവാസിയും പൊതുപ്രവർത്തകനുമായ വി.എസ്. പ്രസാദ് ആവശ്യപ്പെട്ടു.