ഭോപ്പാൽ: എഥനോൾ ഉത്പാദനത്തിനായി മധ്യപ്രദേശ് സർക്കാർ സബ്സിഡി നിരക്കിൽ നൽകിയ ലക്ഷക്കണക്കിനു ടൺ അരി സ്വകാര്യ മില്ലുകൾക്ക് മറിച്ചുവിറ്റ് വൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.
സബ്സിഡി നിരക്കിൽ ക്വിന്റലിന് 2,320 രൂപ നിരക്കിൽ സർക്കാർ നൽകിയ ഈ അരി പുതിയ പാക്കിംഗിലാക്കി ക്വിന്റലിന് 3,800 മുതൽ 4,000 രൂപ വരെയുള്ള ഉയർന്ന നിരക്കിൽ സർക്കാർ തന്നെ വീണ്ടും വിലകൊടുത്തു വാങ്ങുകയായിരുന്നു.
കോടിക്കണക്കിനു രൂപയുടെ ഈ വൻ അഴിമതിക്കു പിന്നിൽ എഥനോൾ പ്ലാന്റ് ഉടമകളും മില്ലുടമകളും ചില സർക്കാർ ഉദ്യോഗസ്ഥരുമാണെന്ന് വ്യക്തമായിട്ടുണ്ട്.എഥനോൾ നിർമാണത്തിനായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ വെയർഹൗസുകളിൽനിന്ന് കൊണ്ടുപോയ അരി എഥനോൾ പ്ലാന്റുകളിൽ എത്തിക്കാതെ സ്വകാര്യ അരിമില്ലുകൾക്ക് ഉയർന്ന വിലയ്ക്ക് മറിച്ചുവിറ്റതായാണു പോലീസിന്റെ കണ്ടെത്തൽ. ഈ അരി പിന്നീട് പുതിയ ചാക്കുകളിലാക്കി മില്ലുകളിൽ പുതിയതായി കുത്തിയെടുത്ത അരിയെന്ന വ്യാജേന വീണ്ടും സർക്കാർ വെയർഹൗസുകളിൽത്തന്നെ എത്തിക്കുകയായിരുന്നു.
നവഗാവ് വെയർഹൗസിൽനിന്നു ചിന്ദ്വാരയിലെ എഥനോൾ പ്ലാന്റിലേക്കു പുറപ്പെട്ട മൂന്ന് ട്രക്കുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെന്ന ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ പരാതിയെത്തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഒരു ട്രക്ക് പ്രാദേശിക അരിമില്ലിലേക്കു മാറ്റിയതായി പോലീസ് കണ്ടെത്തി.
സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും കഴിഞ്ഞ പത്തിന് നാലുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.