കൊച്ചി: കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം കളമശേരിയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറിയിരുന്നു.
സൂരജ് ലാമയുടെ മകന്‍ സാന്‍റൺ ലാമയാണ് മരണാനന്തര ചടങ്ങുകള്‍ ചെയ്തത്. ഭാര്യയും അടുത്ത ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ജീര്‍ണിച്ച അവസ്ഥയിലായിരുന്നതിനാല്‍ വേണ്ടെന്നുവയ്ക്കുകയായിരുന്നു.
അതേസമയം, സൂരജ് ലാമയുടേത് കേവലം മരണമല്ലെന്നും കൊലപാതകമാണെന്നും ഭാര്യ റിനി ലാമ പ്രതികരിച്ചു. ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ കൃത്യമായി പരിചരിച്ചില്ലെന്നും അവര്‍ ആവശ്യമായ സഹായം നല്‍കിയിരുന്നെങ്കില്‍ സൂരജ് ലാമ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും റിനി ലാമ കൂട്ടിച്ചേർത്തു.
ആശുപത്രിക്കെതിരേ പരാതി നല്കും. എല്ലാ സംവിധാനങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചു. നീതി ഉറപ്പാക്കണം. കേരളത്തിലെ മാധ്യമങ്ങള്‍ അതിന് സഹായിക്കണമെന്നും റിനി ലാമ ആവശ്യപ്പെട്ടു.
കുവൈറ്റിൽ നിന്ന് ഒക്ടോബറിൽ കൊച്ചിയിലേക്ക് ഡി പോർട്ട് ചെയ്തതാണ് സൂരജ് ലാമയെ. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സൂരജ് ലാമ കൊച്ചിയിൽ എത്തിയത്. മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച സൂരജ് ലാമ എങ്ങോട്ട് പോയി എന്ന് ചോദ്യത്തിന് ആർക്കും ഉത്തരമിലായിരുന്നു.
ഒടുവിൽ കോടതി ഇടപെട്ട് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പിതാവിന്‍റെ മരണത്തിന് കാരണമായവർക്കെതിരെ നടപടിവേണമെന്ന് മകൻ സാന്‍റൺ ലാമ പ്രതികരിച്ചിരുന്നു.