മറഞ്ഞുകിടക്കാന്‍ കൊതിച്ച, അതിനായി പ്രാര്‍ഥിച്ച ഒരു മണിമുത്ത്, തിരുസഭയുടെ തിളക്കമേറിയ രത്നങ്ങളിലൊന്നായി മാറിയ വിസ്മയചരിത്രം വിശുദ്ധ എവുപ്രാസ്യമ്മയ്ക്കു സ്വന്തം. മണ്‍ചെരാതുപോലെ ഒളിമിന്നിയ നിശബ്ദജീവിതം, ഇന്നു വിശുദ്ധ താരകമായി പ്രകാശം ചൊരിയുകയാണ്. പ്രാര്‍ഥനയിലും പ്രായശ്ചിത്തത്തിലും പരിത്യാഗത്തിലും മുഴുകിയ ധന്യജീവിതം - അതായിരുന്നു എവുപ്രാസ്യമ്മ. ആരാലും അറിയപ്പെടാതെ, പുണ്യവതിയാകാന്‍ എപ്പോഴും ആഗ്രഹിച്ച അമ്മയുടെ പാദാന്തികത്തില്‍ ഇന്ന് ആയിരങ്ങള്‍ ആശ്രയം തേടി അണയുന്നു.
ദൈവവചനം പ്രാണവായു
തെല്ലും നിറപ്പകിട്ടില്ലാത്ത, ദൈവവചനം പ്രാണവായുവാക്കിയുള്ള എവുപ്രാസ്യമ്മയുടെ ജീവിത വഴിത്താരകള്‍ വിശ്വാസജീവിതത്തിനു പ്രഭാപൂരം പകരുന്ന പാഠങ്ങളാണ്. നിതാന്തമായ പ്രാര്‍ഥനയും കഠിനമായ തപശ്ചര്യകളും നിശബ്ദ സേവനവും മുഖമുദ്രയാക്കിയ ധന്യജീവിതത്തിന് എഴുപത്തഞ്ചാം വയസില്‍, 1952ലായിരുന്നു അന്ത്യം.
നാട് കൈകൂപ്പി നിന്ന മരണം-ജീവിച്ചിരിക്കുമ്പോള്‍തന്നെ സുകൃതിനിയായി അറിയുന്നവരെല്ലാം ആദരിച്ച എവുപ്രാസ്യമ്മയുടെ മരണം അങ്ങനെയായിരുന്നു. ശവമഞ്ചത്തിലെ പൂവുകള്‍ മുതല്‍ മൃതദേഹം തുടച്ച തുണിപോലും സ്വന്തമാക്കാന്‍ അവിടെയെത്തിയവര്‍ മത്സരിക്കുന്ന കാഴ്ച. അമ്മ വിശുദ്ധയാകുമെന്ന് അവരെല്ലാം അന്നേ വിശ്വസിച്ചിരുന്നു! അത്രയ്ക്കും പുണ്യപ്പെട്ട കന്യാസ്ത്രീയായിരുന്നു അവര്‍ക്കെല്ലാം അമ്മ.
കത്തുകളില്‍ തെളിഞ്ഞ വിശുദ്ധി
എവുപ്രാസ്യമ്മയുടെ വിശുദ്ധി ലോകത്തിനു മുമ്പില്‍ തെളിഞ്ഞതു പക്ഷേ, കത്തുകളിലൂടെയാണ്; പലപ്പോഴായി എവുപ്രാസ്യമ്മ തന്റെ ആത്മീയപിതാവായ ബിഷപ് മാര്‍ യോഹന്നാന് (ജോണ്‍) മേനാച്ചേരിക്ക് എഴുതിയ എണ്‍പതോളം കത്തുകളില്‍നിന്ന്. ആ കത്തുകളെക്കൂടി അടിസ്ഥാനപ്പെടുത്തിയാണ് എവുപ്രാസ്യമ്മയെക്കുറിച്ചുള്ള ആദ്യപുസ്തകം - കേരള കര്‍മലകുസുമം - 1970ല്‍ പുറത്തിറങ്ങിയത്.
കത്തുകളും കരുതലും
എവുപ്രാസ്യമ്മയും, കുറച്ചുകാലം എവുപ്രാസ്യമ്മയോടൊപ്പം ഒല്ലൂര്‍ മഠത്തില്‍ കഴിഞ്ഞിട്ടുള്ള വിശുദ്ധ മറിയം ത്രേസ്യയും മേനാച്ചേരി പിതാവുമായി കത്തുകളിലൂടെ ആശയവിനിമയം നടത്തിയിരുന്നു. മേനാച്ചേരി പിതാവ് അയച്ചിരുന്ന മാര്ഗദര്ശനങ്ങളടങ്ങിയ കത്തുകള്‍ ഇരുവരും സൂക്ഷിച്ചിരുന്നില്ല. എന്നാല്‍, ഇവരിരുവരും അയച്ചിരുന്ന കത്തുകള്‍ മേനാച്ചേരി പിതാവ് വളരെ കരുതലോടെ സൂക്ഷിച്ചിരുന്നു! പിന്നീട് അവ അമൂല്യമായ രേഖകളായി മാറി.
നേരിടുന്ന കടുത്ത വെല്ലുവിളികളും പരീക്ഷണങ്ങളും വിവരിച്ചുകൊണ്ടും മാര്‍ഗനിര്‍ദേശങ്ങളും ആത്മീയ ഉപദേശങ്ങളും ആരാഞ്ഞുകൊണ്ടുമുള്ള കത്തുകളാണ് ഇരുവരും മെത്രാന് അയച്ചത്. ആത്മീയോത്തേജനം പകരുന്ന മറുപടികള്‍ പിതാവ് അവര്‍ക്കു നല്‍കിയിരുന്നു. ഒമ്പതാം വയസില്‍ പരിശുദ്ധ അമ്മ, ഓരോ മണിക്കൂറും ഓരോ വൃന്ദം മാലാഖമാരോടു ചേര്‍ന്ന് ആരാധിക്കാന്‍ പഠിപ്പിച്ചതുവരെ, ദശാബ്ദങ്ങള്‍ക്കുശേഷം പിതാവിനയച്ച കത്തുകളില്‍ കാണാം (കത്ത് 30, 31).
രോഗങ്ങള്‍, അദ്ഭുതസൗഖ്യം
കര്‍മലീത്ത സന്യാസിനീസമൂഹത്തിന്റെ ആദ്യഭവനമായ കൂനമ്മാവില്‍ ഒമ്പതുവര്‍ഷം എവുപ്രാസ്യമ്മ (അന്ന് റോസ) താമസിച്ചിട്ടുണ്ട്. അക്കാലത്തു കടുത്ത രോഗങ്ങള്‍ അവരെ അലട്ടിക്കൊണ്ടിരുന്നു. വാതരോഗം കുഞ്ഞുറോസയെ എപ്പോഴും ബുദ്ധിമുട്ടിച്ചു. എന്നത്തേക്കുമായി അവളെ വീട്ടിലേക്കു തിരിച്ചയയ്ക്കാന്‍ മഠാധികാരികള്‍ ആലോചിച്ചതുമാണ്. പക്ഷേ, അദ്ഭുതകരമായി റോസയ്ക്കു രോഗസൗഖ്യം കൈവന്നു. തിരുക്കുടുംബം പ്രത്യക്ഷപ്പെട്ട് റോസയെ സുഖപ്പെടുത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂനമ്മാവ് മഠാധിപ സിസ്റ്റര്‍ ആഞ്ഞസ് തൃശൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ മേനാച്ചേരിക്കയച്ച കത്തിലും ഇക്കാര്യം എഴുതിയിട്ടുണ്ട്.
1889ലും 1897ലും ഗുരുതരമായ രോഗാവസ്ഥയില്‍ അന്ത്യകൂദാശ വരെ സ്വീകരിച്ചശേഷം അദ്ഭുതകരമായി സൗഖ്യം നേടി ജീവിതത്തിലേക്കു തിരിച്ചുവന്നതും ചരിത്രമാണ്. പ്രാര്‍ഥനയുടെ അച്ചുതണ്ടില്‍ കറങ്ങിയ സുകൃതജീവിതത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ ധാരാളം ദര്ശനങ്ങള്തന്നെ അമ്മയ്ക്കുണ്ടായതും കത്തുകളില്‍ വായിക്കാം.
വിശുദ്ധം ആ ലിഖിതങ്ങള്‍
മാര്‍ ജോണ്‍ മേനാച്ചേരി സൂക്ഷിച്ചുവച്ചിരുന്ന കത്തുകള്‍ പിന്‍ഗാമികള്‍ക്കു കൈമാറിയിരുന്നു. കാലങ്ങളോളം ബിഷപ്സ് ഹൗസില്‍ കാത്തുവയ്ക്കപ്പെട്ട ആ കത്തുകള്‍ സിഎംസി സഭയ്ക്കു കൈമാറുന്നത് 1970ല്‍ ബിഷപ് മാര്‍ ജോര്‍ജ് ആലപ്പാട്ട് വിരമിക്കുമ്പോഴാണ്. തന്റെ മുന്‍ഗാമികള്‍ പൂജ്യമായി എടുത്തുവച്ച കത്തുകള്‍ നഷ്ടമാക്കാതെ അവകാശികളെ ഏല്പിക്കുകയായിരുന്നു അദ്ദേഹം. പിതാവുതന്നെ സിഎംസി പ്രോവിന്ഷ്യല് സുപ്പീരിയറായ മദര്‍ ബോര്‍ജിയയെ വിളിച്ചു. അമ്മയുടെ വിശുദ്ധിയുടെ തെളിവുകള്‍ നിറയുന്ന ആ കത്തുകള്‍ ഏല്പിച്ചുകൊടുത്തിട്ടു പറഞ്ഞു: “ഇനി നിങ്ങള്‍ സൂക്ഷിക്കുക. നിങ്ങള്‍ക്കിത് ആവശ്യം വരും..!” സത്യമായിത്തീര്‍ന്നു ആ പ്രവചനം.