ബെർലിൻ/ബുഡാപെസ്റ്റ്: കടുത്ത ഉഷ്ണതരംഗത്തെയും വരൾച്ചയെയും തുടർന്നു യൂറോപ്പിലെ പ്രധാന നദികളായ ഡാന്യൂബ്, റൈൻ, ല്വാർ എന്നിവയിലെ ജലനിരപ്പ് വൻതോതിൽ താഴ്ന്നു.
ഡാന്യൂബ് നദി വറ്റിവരണ്ടതോടെ ദശാബ്ദങ്ങളായി വെള്ളത്തിനടിയിൽ മറഞ്ഞുകിടന്ന രണ്ടാം ലോകമഹായുദ്ധകാലത്തെ നാസി പടക്കപ്പലുകളുടെയും വിവിധ സൈനിക വാഹനങ്ങളുടെയും അവശിഷ്ങ്ങൾ പുറത്തുവന്നു.
1944 സെപ്റ്റംബറിൽ, സോവിയറ്റ് യൂണിയന്റെ ചെന്പടയുടെ മുന്നേറ്റം തടയാൻ ലക്ഷ്യമിട്ടു നാസി ജർമൻ സേന തങ്ങളുടെ "ബ്ലാക്ക് സീ ഫ്ലീറ്റിലെ’ ഇരുനൂറോളം യുദ്ധക്കപ്പലുകൾ ഡാന്യൂബ് നദിയിൽ മനഃപൂർവം മുക്കുകയായിരുന്നു. ഇതിൽ 20 ഓളം കപ്പലുകളുടെ അവശിഷ്ടങ്ങളാണ് ഡാന്യൂബിൽനിന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയത്.സെർബിയൻ അതിർത്തിനഗരമായ പ്രഹോവോയ്ക്കു സമീപമാണ് ഈ യുദ്ധക്കപ്പലുകളുടെ അവശിഷ്ടങ്ങൾ വൻതോതിൽ ദൃശ്യമായിരിക്കുന്നത്.
മോട്ടോർസൈക്കിളും അസ്ഥികൂടങ്ങളും
ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഡാന്യൂബ് നദിയിൽനിന്നു സഖ്യകക്ഷികളും ജർമൻ സേനയും തമ്മിൽ ഏറ്റുമുട്ടിയ കാലത്തെ പ്രശസ്തമായ ‘DKW NZ 350-1’മിലിട്ടറി മോട്ടോർ സൈക്കിൾ, ആറ് ടിഎംഐ-35 ടാങ്ക് വേധ മൈനുകൾ, കൈബോംബുകൾ, ആർട്ടിലറി ഷെല്ലുകൾ, ജർമൻ-സോവ്യറ്റ് ആയുധങ്ങൾ, ഹാൻഡ് ഗൺ ബോക്സുകൾ, കൊല്ലപ്പെട്ട ജർമൻ സൈനികരുടെ അസ്ഥികൂടങ്ങൾ എന്നിവ കണ്ടെത്തി.
വൂളി മാമത്തിന്റെ അസ്ഥികൂടം
വടക്കൻ ബൾഗേറിയയിലെ റയാഹോവോ ഗ്രാമത്തിൽ ഡാന്യൂബിന്റെ തീരത്തുനിന്ന് പ്രാചീനകാലത്ത് ജീവിച്ചിരുന്ന ‘വൂളി മാമത്തിന്റെ’(ആനകളുടെ പൂർവികരിൽപ്പെട്ട ഒരു വലിയ സസ്തനി) അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെത്തി.