കോഴിക്കോട്: കാഴ്ചയുടെ പരിമിതികളെ കൈകോര്‍ത്തു മറികടന്ന് ട്രാക്കില്‍ കുതിച്ചെത്തിയപ്പോള്‍ റിയയ്ക്കും റിഫയ്ക്കും മിന്നും വിജയം.
സംസ്ഥാന സ്കൂള്‍ കായികമേളയുടെ രണ്ടാംദിനത്തില്‍ ഇന്‍ക്ലൂസീവ് വിഭാഗത്തിലെ അണ്ടര്‍ 14 വിഭാഗം 100 മീറ്റര്‍ ഓട്ടമത്സരത്തിലാണ് ഈ ഇരട്ട സഹോദരിമാര്‍ മികച്ച നേട്ടം സ്വന്തമാക്കിയത്.
ജന്മനാ കാഴ്ചപരിമിതിയുള്ള റിയയ്ക്കു ട്രാക്കിലെ ഓരോ ചുവടും വെല്ലുവിളിയായിരുന്നു. എന്നാല്‍, കൈപിടിച്ച് അരികില്‍ സഹോദരിയുണ്ടെന്ന വിശ്വാസം റിയയ്ക്കു കരുത്തായി. റിഫക്കൊപ്പം കൈകോര്‍ത്ത് റിയ വിജയത്തിലേക്ക് ഓടിയടുത്തു.
മലപ്പുറം ചീക്കോട് കെകെഎംഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. റിയയ്ക്കു ജന്മനാ 40 ശതമാനം കാഴ്ചപരിമിതിയുണ്ട്. മൂന്നുമാസം പ്രായമുള്ളപ്പോഴാണ് കാഴ്ചപ്രശ്നം തിരിച്ചറിഞ്ഞത്.
നിലവില്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം റിലേ മത്സരത്തില്‍ പങ്കെടുത്ത അനുഭവസമ്പത്തുമായാണ് റിഫ ഇത്തവണ സഹോദരിക്കൊപ്പം ഓടാനെത്തിയത്. മലപ്പുറം എടവണ്ണപ്പാറ കരിയാത്തുംകുഴിയില് അബ്ദുള്‍ ജലീലിന്റെയും നൗഫിയയുടെയും മക്കളാണ് റിയയും റിഫയും.