തൃശൂര്‍: സര്‍വം മായ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ ജെന്‍സി താരം റിയാ ഷിബു സംസ്ഥാന സ്‌കൂള്‍ കലോത്സ വേദിയിലും സൃഷ്ടിച്ചത് ഡെലൂലു ഇഫക്ട്.
64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്‍റെ ഉദ്ഘാടന വേദിയായ തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലെ സൂര്യകാന്തി സ്‌റ്റേജില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കുമൊപ്പം വിശിഷ്ടാതിഥിയായെത്തിയ ഡെലൂലൂ കൈയടികള്‍ വാരിക്കൂട്ടി.
സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി റിയാ ഷിബുവിനെ ക്ഷണിച്ചപ്പോള്‍ തന്നെ കൗമാരപ്രായക്കാരായ കലാസ്‌നേഹികള്‍ നിറഞ്ഞ കൈയടികളോടെയാണ് അവരുടെ ആവേശം അറിയിച്ചത്.
മുഖത്ത് നിറഞ്ഞ ചിരിയുമായി വേദിയിലെത്തിയ ഡെലൂലു മുഖ്യമന്ത്രി പിണറയി വിജയനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കും നന്ദി പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്.
ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയില്‍ വിശിഷ്ടാതിഥിയായി എത്താന്‍ സാധിച്ചതില്‍ ഡെലൂലു പരിപാടിയുടെ സംഘാടകര്‍ക്ക് നന്ദി പറഞ്ഞു. തന്നെ ഈ അംഗീകാരത്തിന് പ്രാപ്തയാക്കിയ സര്‍വം മായ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി പറയാന്‍ ഡെലൂലു മറന്നില്ല.
'കലയെ ഒരു മത്സരം മാത്രമായി കാണേണ്ടതില്ല, അതൊരു ഇമോഷന്‍ കൂടിയാണ്. സ്‌കൂള്‍ ജീവിതകാലത്ത് കലോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും തനിക്കത് സാധിച്ചിരുന്നില്ല, അതിന് കാരണം എന്‍റെ ആത്മവിശ്വാസക്കുറവായിരുന്നു.
മത്സരങ്ങളില്‍ വിജയിക്കുന്നതിനേക്കാള്‍ പ്രധാനമാണ് പങ്കെടുക്കുന്നത്. അതിന് അവനനവില്‍ വിശ്വസിച്ചെങ്കില്‍ മാത്രമേ സാധിക്കുള്ളു. അത് തന്നെയാണ് മത്സരാര്‍ഥികള്‍ക്ക് ലഭിക്കാവുന്ന യഥാര്‍ഥ സമ്മാനം'- ഡെലൂലു കുട്ടിളോട് മനസ് തുറന്നു.
പരാജയങ്ങള്‍ നിങ്ങളെ നിര്‍വചിക്കാന്‍ അനുവദിക്കരുത്. മുന്നോട്ടു പോവുക തന്നെ വേണം. കലയെന്നത് നിങ്ങളുടെ ഉള്ളിലെ വാസനകളെ തുറന്നുകാട്ടാനുള്ള അവസരമാണെന്നും പറഞ്ഞ് മത്സരാര്‍ഥികള്‍ക്ക് ഹൃദയം നിറഞ്ഞ ആശംസകളും നേര്‍ന്നാണ് ഡെലൂലു സ്റ്റേജ് വിട്ടത്.
വേദിവിട്ട താരത്തെ കാത്ത് വേദിക്ക് പുറത്തും ആരാധകര്‍ തടിച്ചുകൂടി. തങ്ങളുടെ പ്രിയപ്പെട്ട ആരാധകര്‍ക്കൊപ്പം സെല്‍ഫികള്‍ എടുത്തുകൊണ്ടുനിന്ന ഡെലൂലു ദീപിക ഡോട്ട്കോമിനോടും രണ്ട് വാക്ക് സംസാരിച്ചാണ് യാത്രയായത്.
"വിശിഷ്ടാതിഥിയായി കലോത്സവ വേദിയിലെത്താന്‍ സാധിച്ചത് വലിയൊരു ഭാഗ്യമായിട്ടു കരുതുന്നു. എഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമാമാങ്കത്തില്‍ ബഹുമാനീയരായ വ്യക്തിത്വങ്ങളുമായി വേദി പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. ഇത്തരമൊരു ആദരവ് താന്‍ പ്രതീക്ഷിച്ചിരുന്നതല്ലെന്നും റിയാ ഷിബു പ്രതികരിച്ചു. എന്ത് സാംഭവിച്ചിലും 'കീപ്പ് ഗോയിംഗ്' എന്നൊരു സന്ദേശം മാത്രമാണ് തനിക്ക് മത്സരാര്‍ഥികള്‍ക്ക് നല്‍കാനുള്ളതെന്നും റിയാ ഷിബു കൂട്ടിച്ചേർത്തു.