മനുഷ്യർക്കു പകരം യന്ത്രമനുഷ്യൻ തോക്കെടുത്ത് യുദ്ധമുന്നണിയിൽ ശത്രുവിനെ നേരിടുന്നുവെന്നത് ഒരുപക്ഷേ സാങ്കല്പിക കഥയായി മാത്രമേ പലരും കാണൂ. എന്നാൽ, റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്ൻ ഈ ആശയം വിജയകരമായി നടത്തിവരുന്നുവെന്നതാണ് വാസ്തവം. എഐ നിയന്ത്രിത ഹ്യൂമനോയിഡുകൾ (മനുഷ്യരൂപത്തിലുള്ള റോബോട്ട്) വരെയാണ് യുക്രെയ്നിലെ പ്രതിരോധ വിദഗ്ധർ രംഗത്തിറക്കിയിരിക്കുന്നത്.
ഭാവിയിലെ ഹ്യൂമനോയിഡ് റോബോട്ടുകളുടെ പരീക്ഷണശാലയായും യുക്രെയ്നിലെ യുദ്ധഭൂമി മാറിയിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ എറിക് ട്രംപുമായി അടുത്ത ബന്ധമുള്ള റോബോട്ടിക് സ്റ്റാർട്ടപ് ഫൗണ്ടേഷൻ എന്ന പ്രതിരോധ കമ്പനി തങ്ങൾ വികസിപ്പിച്ച ‘ഫാന്റം എംകെ-1’ എന്ന അത്യാധുനിക ഹ്യൂമനോയിഡ് റോബോട്ട് യുക്രെയ്നിൽ പരീക്ഷിച്ചുവരികയാണ്.
യുദ്ധമേഖലകളിൽ നിരീക്ഷണം നടത്തുക, ആയുധങ്ങളും ഉപകരണങ്ങളും കടത്തുക, സൈനികനിരയിലേക്കുള്ള കൈമാറ്റം വേഗത്തിലാക്കുക എന്നിവയാണ് ഫാന്റത്തിന്റെ പ്രധാന ചുമതലകൾ. യുഎസ് ഭരണകൂടത്തിന്റെ പിന്തുണയോടെ യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് അതീവ അപകടകരമായ മേഖലകളിൽ ഈ പരീക്ഷണം നടക്കുന്നത്. മനുഷ്യൻ ഉപയോഗിക്കുന്ന ഏത് ആയുധവും പ്രയോഗിക്കാൻ ശേഷിയുള്ള രീതിയിലാണ് ഫാന്റം എംകെ-1 റോബോട്ട് രൂപകല്പന ചെയ്തിരിക്കുന്നത്.
ആയുധങ്ങൾ പ്രയോഗിക്കാനുള്ള അന്തിമതീരുമാനം മനുഷ്യന്റെ നിയന്ത്രണത്തിൽ തന്നെയായിരിക്കുമെങ്കിലും അപകടകരമായ പല ദൗത്യങ്ങളും ഭാവിയിൽ ഇവ ഏറ്റെടുക്കും. ചുരുക്കത്തിൽ, സൈനികരെ സഹായിക്കുന്ന നിലയിൽനിന്നു മാറി യുദ്ധമുഖത്ത് അവരെ പൂർണമായി മാറ്റി സ്ഥാപിക്കുന്ന ഒരു യന്ത്രയുഗത്തിനാണ് യുക്രെയ്ൻ മണ്ണ് സാക്ഷ്യം വഹിക്കുന്നത്.
ശത്രുവിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ തകർക്കാൻ ശേഷിയുള്ള നൂതനമായ കംപ്യൂട്ടർ നിയന്ത്രിത ഡ്രോണുകളാണ് യുക്രെയ്ന്റെ മറ്റൊരു നേട്ടം. എഐ നിർദേശമനുസരിച്ച് ശത്രുതാവളങ്ങൾ ആക്രമിക്കാനുതകുന്ന പ്രത്യേക സംവിധാനം ഈ ദീർഘദൂര ഡ്രോണുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. അടുത്തിടെ മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബർഗിലുമൊക്കെ ആക്രമണം നടത്താൻ യുക്രെയ്ൻ ഉപയോഗിച്ചത് ഈ ഡ്രോണുകളാണ്.
തലയൂരാനാകാതെ പുടിൻ
2022 ഫെബ്രുവരി 24ന് യുക്രെയ്നെതിരേ ആക്രമണം ആരംഭിച്ചപ്പോൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും വിശ്വസ്തരും കരുതിയത് ആ കൊച്ചുരാജ്യം കേവലം പത്തുദിവസത്തിനകം കീഴടങ്ങുമെന്നായിരുന്നു. ദുർബലമായ ചെറുത്തുനില്പിനെ നിഷ്പ്രയാസം നേരിട്ട് തലസ്ഥാനമായ കീവിലേക്കു നിങ്ങാമെന്നും അപ്പോഴേക്കും സൈനികരെല്ലാം ആയുധം വച്ച് കീഴടങ്ങിയിരിക്കുമെന്നും സെലൻസ്കിയും ഭരണകൂടവും പലായനം ചെയ്തിരിക്കുമെന്നും പുടിനും തന്ത്രജ്ഞരും സ്വപ്നം കണ്ടു. അധികം രക്തച്ചൊരിച്ചിലില്ലാതെ യുക്രെയ്നെ പൂർണമായി കീഴടക്കാനാകുമെന്നും ആദ്യം അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും എതിർപ്പുയരുമെങ്കിലും പിന്നാലെ തണുക്കുമെന്നും അവർ മനക്കോട്ട കെട്ടി. എന്നാൽ, യുദ്ധം അഞ്ചാം വർഷത്തിലേക്കു കടന്നിട്ടും റഷ്യയുടെ തന്ത്രങ്ങളെല്ലാം പിഴച്ചു.
യുക്രെയ്ന്റെ അത്യാധുനിക ഡ്രോണുകൾ തലസ്ഥാനമായ മോസ്കോയ്ക്കു പുറമെ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും സാംസ്കാരിക തലസ്ഥാനവും പുടിന്റെ ജന്മനാടുമായ സെന്റ് പീറ്റേഴ്സ്ബർഗിൽ വരെയെത്തി ജനങ്ങളെ വിറപ്പിക്കുന്നു. വൻ നാശം വരുത്തിവയ്ക്കുന്നു. ഏറ്റവുമൊടുവിൽ 130 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത പുടിന്റെ അഭിമാന സാന്പത്തിക ഉച്ചകോടി നടക്കവെ രണ്ടാഴ്ച മുന്പ് ഈ നഗരത്തിലുണ്ടായ ആക്രമണം റഷ്യയെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പുടിനു വലിയ നാണക്കേടുമായി. സെലൻസ്കിയുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യമില്ലെന്ന് പുടിൻ പ്രഖ്യാപിച്ചതിനു പിറ്റേന്നാണ് ആക്രമണമുണ്ടായത്. തുടർച്ചയായ രണ്ടാം ദിവസവും ആക്രമണം നടന്നതോടെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് മേയർ അലക്സാണ്ടർ ബെഗ്ലോവിന് മുന്നറിയിപ്പ് നൽകേണ്ടിവന്നു. അഞ്ചാം വർഷത്തിലേക്കു കടന്നിരിക്കുന്ന യുദ്ധത്തിനിടെ ഒരു റഷ്യൻ നഗരത്തിൽ ഇത്തരമൊരു നിയന്ത്രണം ആദ്യമാണ്.
ഒന്നാം ലോകയുദ്ധത്തെ കടത്തിവെട്ടി തുടരുന്ന യുദ്ധം
ക്രൂരമായ ആക്രമണങ്ങളും കനത്ത നാശനഷ്ടങ്ങളും കാരണം റഷ്യ-യുക്രെയ്ൻ യുദ്ധത്തെ പലപ്പോഴും ഒന്നാം ലോകയുദ്ധവുമായി താരതമ്യം ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച 1569 ദിവസം പിന്നിട്ടതോടെ ദൈർഘ്യത്തിലും യുക്രെയ്ൻ-റഷ്യ യുദ്ധം ഒന്നാം ലോകയുദ്ധത്തെ കടത്തിവെട്ടിയിരിക്കുകയാണ്. 1568 ദിവസം നീണ്ട ഒന്നാം ലോകയുദ്ധത്തിൽ കടുത്ത നാവിക ഉപരോധത്തിലൂടെ ജർമനിക്കുമേൽ സാമ്പത്തിക സമ്മർദം ചെലുത്തിയും ഒപ്പം നിരന്തരമായ സൈനിക ആക്രമണങ്ങളിലൂടെ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചുമാണ് സഖ്യകക്ഷികൾ വിജയം നേടിയത്. റഷ്യക്കെതിരായ യുദ്ധം അവസാനിപ്പിക്കാനുള്ള യുക്രെയ്ന്റെ തന്ത്രങ്ങളിലും ആ സമീപനത്തിന്റെ ചില സമാനതകൾ കാണാം.
യുക്രെയ്നെതിരായ യുദ്ധത്തിൽ തങ്ങൾക്ക് എത്ര സൈനികരെ നഷ്ടമായി എന്നു തുറന്നുപറയാൻ റഷ്യ ഇനിയും തയാറായിട്ടില്ല. സൈന്യത്തിലെ വലിയ ആൾനാശത്തിനു പുറമെ ദിനംപ്രതി വർധിച്ചുവരുന്ന യുദ്ധച്ചെലവും പ്രധാന വരുമാനമാർഗമായ എണ്ണപ്പാടങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തുന്ന ആക്രമണവും റഷ്യയെ വലിയ സാന്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. വിലക്കയറ്റവും രൂക്ഷമാണ്. എണ്ണ-പ്രകൃതിവാതകത്താൽ രാജ്യം സന്പന്നമാണെങ്കിലും എണ്ണപ്പാടങ്ങൾക്കു നേരേ യുക്രെയ്ൻ നടത്തിയ ആക്രമണത്തെത്തുടർന്ന് പലയിടത്തും ഇന്ധനക്ഷാമം അനുഭവപ്പെടുന്നു.
യുദ്ധത്തിന്റെ പേരിൽ യൂറോപ്പിലും അമേരിക്കയിലും തുടരുന്ന വീസ നിയന്ത്രണവും ഒറ്റപ്പെടുത്തലും യുവാക്കളുടെ സ്വപ്നങ്ങൾ തകർക്കുന്നു. തത്ഫലമായി രാജ്യത്ത് തൊഴിലില്ലായ്മയുമേറി. 18നും 30നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കെല്ലാം സൈനികസേവനം നിർബന്ധമാണെന്നിരിക്കെ പ്രാണഭയത്താൽ നിരവധി പേരാണ് അയൽരാജ്യമായ ജോർജിയയിലേക്കു രക്ഷപ്പെടുന്നത്. യുദ്ധം അഞ്ചാം വർഷത്തിലെത്തിലേക്കു കടന്നിരിക്കെ ജോർജിയയിൽ അഭയം തേടിയത് 20 ലക്ഷം റഷ്യക്കാരാണെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നത്.