കോഴിക്കോട്: കോഴിക്കോട്-വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ വെള്ളിയാഴ്ച ആരംഭിക്കും. പാറ പൊട്ടിക്കലിന്റെ ആദ്യ സ്ഫോടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും.
വെള്ളിയാഴ്ച രാവിലെ 11ന് മറിപ്പുഴയിലാണ് ചടങ്ങ്. താമരശേരി ചുരത്തിന് ബദലായി കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്നതാണ് ആനയ്ക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത. ദിവസങ്ങള്‍ക്ക് മുമ്പാണ് വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ചത്.
2025 ആഗസ്റ്റ് 31ന് ആണ് പിണറായി വിജയൻ തുരങ്കപാതയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെയാണ് പാറ പൊട്ടിക്കലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ഫസ്റ്റ് ബ്ലാസ്റ്റിംഗ് എന്നാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
ആനയ്ക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട ഫൈനൽ ക്ലിയറൻസാണ് ലഭിച്ചതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണോദ്ഘാടനം എന്ന പേരില്‍ പ്രോജക്ട് ലോഞ്ചിംഗ് നടത്തിയെങ്കിലും അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തുരങ്ക പാത നിര്‍മാണത്തിനുളള തടസങ്ങള്‍ നീങ്ങിയത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ തുരങ്കപാത പദ്ധതിയുടെ സര്‍വേ നടത്താൻ രണ്ട് കോടി രൂപ നീക്കിവച്ചിരുന്നെങ്കിലും പിന്നീട് പദ്ധതി മുന്നോട്ട് പോയില്ല. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പദ്ധതി പുനഃരാരംഭിച്ചു.