സൂറത്ത്: എഐ , ടെലിഗ്രാം എന്നിവ ഉപയോഗിച്ച് വ്യാജ ബാങ്കിംഗ്, സർക്കാർ ആപ്പുകൾ നിർമിച്ചു രാജ്യവ്യാപകമായി 64 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 18കാരൻ പിടിയിൽ.
രോഹിത് വീരേന്ദ്രസിംഗ് ശാക്യ എന്നയാളെയാണ് ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഹോട്ടലിൽനിന്ന് സൂറത്ത് സിറ്റി സൈബർ ക്രൈം സെൽ അറസ്റ്റ് ചെയ്തത്. പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച പ്രതി, വ്യാജ എപികെ ആപ്പുകൾ നിർമിച്ച് മാസം 15,000 രൂപ സബ്സ്ക്രിപ്ഷൻ നിരക്കിൽ മറ്റ് സൈബർ കുറ്റവാളികൾക്കു നൽകുകയായിരുന്നു.
രാജ്യത്തുടനീളം 21,000ത്തിലധികം ഫോണുകളിൽ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും ഏകദേശം 54,000 തട്ടിപ്പ് ഇടപാടുകളിലൂടെ 64.38 കോടി രൂപ കവരുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
പതിനൊന്നാം ക്ലാസിൽ പഠനം ഉപേക്ഷിച്ച വ്യക്തിയാണെങ്കിലും16-ാം വയസിൽത്തന്നെ രോഹിത് കോഡിംഗിൽ വിദഗ്ധനായി മാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എഐ ടൂളുകളും ടെലിഗ്രാം ചാനലുകളും ഉപയോഗിച്ച് യഥാർഥ ബാങ്കിംഗ്, സർക്കാർ ആപ്പുകളോടു സമാനമായ വ്യാജ എപികെ ഫയലുകൾ നിർമിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ജാർഖണ്ഡിലെ ജാംതാറ, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ സൈബർ കുറ്റവാളി സംഘങ്ങൾക്ക് പ്രതിമാസം 15,000 രൂപ സബ്സ്ക്രിപ്ഷൻ നിരക്കിൽ ഈ വ്യാജ ആപ്പുകൾ നൽകിവരികയായിരുന്നു.
എസ്ബിഐ, പിഎൻബി, ഐസിഐസിഐ തുടങ്ങിയ പ്രമുഖ ബാങ്കുകൾ, പിഎം കിസാൻ, ആധാർ സേവനങ്ങൾ, ആർടിഒ ചെല്ലാൻ പേമെന്റ് പോർട്ടലുകൾ എന്നിവയുടെ പേരിലാണ് പ്രതി വ്യാജ ആപ്പുകൾ നിർമിച്ചിരുന്നത്.
മേയ് മാസത്തിൽ സൂറത്ത് സ്വദേശിയായ ഒരാൾക്ക് അഞ്ചു ലക്ഷം രൂപ സൈബർ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്.
വാട്സാപ്പിലൂടെ ലഭിച്ച വ്യാജ പിഎൻബി വൺ. എപികെ ഫയൽ ഡൗൺലോഡ് ചെയ്തതോടെ ഇയാളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടുകയും അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. ഇരയായ വ്യക്തി 1930 എന്ന സൈബർ ഹെൽപ്പ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്ന് സൂറത്ത് സൈബർ ക്രൈം വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.