തദ്ദേശ തെരഞ്ഞെടുപ്പ് സംഘർഷത്തിനിടയിൽ പൊലിസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റി മുൻ ആന്ധ്രപ്രദേശ് മന്ത്രിയും വൈഎസ്ആർ കോൺഗ്രസ് പാർട്ടി നേതാവുമായ റോജ സെൽവമണി. തിങ്കളാഴ്ചയാണ് സംഭവം.
തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് റോജ മുനിസിപ്പാലിറ്റിയിലേക്ക് എത്തുന്നുവെന്ന വിവരത്തെത്തുടർന്ന് പൊലിസ് മുൻകരുതൽ നടപടിയെടുത്തിരുന്നു. അവരുടെ പ്രവേശനം തടയാനായി ബാരിക്കേഡുകളും ഇരുമ്പ് ഫെൻസിങ്ങുകളും സ്ഥാപിച്ചു വഴി തടസപ്പെടുത്തി.
തുടർന്ന് കാറിലെത്തിയ റോജയെ പൊലിസ് തടഞ്ഞത് വലിയ സംഘർഷത്തിന് കാരണമായി. കാറിൽ നിന്ന് ഇറങ്ങി നടന്ന റോജ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ തള്ളിമാറ്റുകയായിരുന്നു. പിന്നീട് പ്രവർത്തകന്റെ ബൈക്കിൽ കയറി മുന്നോട്ട് പോകാൻ ശ്രമിച്ചെങ്കിലും പൊലിസ് ബാരിക്കേഡുകൾ ഉപയോഗിച്ച് വീണ്ടും വഴി തടഞ്ഞതോടെ റോജ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.