ധർമശാല: ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോണിനെതിരെ ബാനർ ഉയർത്തി എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. മാങ്ങാട്ടുപറമ്പിലെ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് വിഭാഗത്തിനായി നിർമിച്ച ലബോറട്ടറി ബ്ലോക്കിന്റെ ഉദ്ഘാടനവേദിയിൽ മന്ത്രി പ്രസംഗിക്കവെയാണ് പ്രതിഷേധ ബാനർ ഉയർത്തിയത്.
കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ ശിക്ഷാനടപടിക്കെതിരെയായിരുന്നു പ്രതിഷേധം. "അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടിനടന്നു..' എന്നാണ് ബാനറിൽ എഴുതിയിരുന്നത്. റൂറൽ എസ്പി ഉമേഷ് ഗോയലിന്റെയും തളിപ്പറമ്പ് ഡിവൈഎസ്പി ടി.പി. സുമേഷിന്റെയും നേതൃത്വത്തിൽ വൻ പൊലിസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പഴയങ്ങാടി: കാലടി വിഷയത്തിൽ മാടായി കോളജിലും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരേ എസ്എഫ്ഐയുടെ ബാനർ ഉയർത്തി പ്രതിഷേധിച്ചു. കോളജിൽ നടക്കുന്ന ബിരുദ ദാന ചടങ്ങിന് എത്തിയതായിരുന്നു മന്ത്രി. പരിയാരം സിഐ വിനോദ് കുമാറിന്റെനേതൃത്വത്തിൽ വൻ പൊലിസ് സന്നാഹം കോളജിൽ നിലയുറപ്പിച്ചിരുന്നു. പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർഥികളെ പൊലിസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.