തളിപ്പറമ്പ്: നിർമിതബുദ്ധി വൻ മുന്നേറ്റമുണ്ടാക്കുന്ന ഈ കാലത്ത് കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസരംഗം അടിമുടി പരിഷ്കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ. മാങ്ങാട്ടുപറന്പിലെ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജ് ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് ലബോറട്ടറി ബ്ലോക്ക് അനക്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത കോഴ്സുകൾക്ക് പകരം കാലാനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. എഐ സാങ്കേതികവിദ്യയും ബയോടെക്നോളജിയും റോബോട്ടിക് എൻജിനിയറിംഗുമെല്ലാം വലിയ സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. ക്ലിനിക്കൽ എഐ ലോകത്ത് വലിയ ചലനങ്ങളുണ്ടാക്കാൻ പോകുകയാണ്. ഇതിന്റെ സാധ്യതകളെല്ലാം നമ്മുടെ നാടിനും പ്രയോജനപ്പെടുത്താൻ കഴിയണം.
പ്രാഥമിക വിദ്യാഭ്യാസരംഗത്ത് കേരളത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെങ്കിലും ഉന്നത വിദ്യാഭ്യാസരംഗത്ത് അത്രയും വളർച്ചയുണ്ടായിരുന്നില്ല. പുറംനാടുകളെ ആശ്രയിച്ചാണ് പലരുടെയും ഉന്നതവിദ്യാഭ്യാസം. ഇവർക്കെല്ലാം കേരളത്തിൽതന്നെ പഠിക്കാനും ജോലി ചെയ്യാനുമുള്ള സാഹചര്യമുണ്ടാക്കുകയാണ് ലക്ഷ്യം. ഒട്ടനവധി കോഴ്സുകൾ നമ്മുടെ എൻജിനിയറിംഗ് കോളജുകളിലുണ്ട്. ഇവിടങ്ങളിൽ കോഴ്സ് പൂർത്തിയാക്കി പുറംരാജ്യങ്ങളിൽ ഉയർന്നനിലയിൽ ജോലി നേടിയവരും ധാരാളമുണ്ട്. പുതിയതലമുറയ്ക്ക് ഈ രീതിയിൽ മുന്നോട്ടുപോകണമെങ്കിൽ നൂതന കോഴ്സുകൾ വേണം. ഇതിനായുള്ള നടപടികൾ തുടങ്ങുകയാണെന്നും മന്ത്രി പറഞ്ഞു.
ടി.കെ. ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ സി. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. ആന്തൂർ നഗരസഭ ചെയർപേഴ്സൺ സതീദേവി, വാർഡ് കൗൺസിലർ കെ. പ്രേമരാജൻ, പ്രിൻസിപ്പൽ ഡോ. വന്ദന ശ്രീധരൻ, പിടിഎ വൈസ് പ്രസിഡന്റ് ബാബൂട്ടി, അലുമ്നി അസോസിയേഷൻ സെക്രട്ടറി പി. ജിതിൻ, കോളജ് യൂണിയൻ സെക്രട്ടറി റിതിൻ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു. നിർമാണ പ്രവൃത്തികളുടെ കരാറുകാരായ ടി.പി. പ്രകാശൻ, ടി.പി. പ്രവീൺ എന്നിവർക്ക് ഉപഹാരം നൽകി. 4.33 കോടി രൂപ ചെലവിലാണ് ലാബ്, അനക്സ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്.