അങ്കമാലി: നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം. ജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് അങ്കമാലി ടൗണിൽ റോഡ് ഷോ നടത്തി.
നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ടൗണ്‍ ചുറ്റി നടന്ന റോഡ് ഷോയില്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കാളികളായി.
ബെന്നി ബെഹനാന് എംപിയും സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയെ അനുഗമിച്ചു. സിഎസ്എ ഹാളിന്റെ പരിസരത്ത് റോഡ് ഷോ സമാപിച്ചു. തുടര്‍ന്ന് നടന്ന നിയേജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ബെന്നി ബഹനാന് എംപി നിര്‍വഹിച്ചു.
അൻവർ സാദത്ത് ചൂർണിക്കരയിൽ
ആലുവ: യുഡിഎഫ് സ്ഥാനാർഥി അൻവർ സാദത്തിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി ചൂർണിക്കര പഞ്ചായത്തിലെ മരിയാപുരം പള്ളിയിലും സെന്റ് അഗസ്റ്റിൻ സെമിനാരി, സാന്റാ മോണിക്ക മുതിരപാടം, ഫാത്തിമ കോൺവന്റ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ചൂർണിക്കരയിൽ ജെബി മേത്തർ എംപിയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുനീല സിബിയും കൂടെയുണ്ടായിരുന്നു.
വൈകിട്ട് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി ധർമ ചൈതന്യയെയും സന്ദർശിച്ചു. ഇന്നലത്തെ സന്ദർശനങ്ങളിൽ ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർഥിക്ക് ലഭിച്ചത്. കുറച്ച് നേരം ചുമട്ട് തൊഴിലാളി പ്രവർത്തകരുമായി സ്ഥാനാർഥി സൗഹൃദം പങ്കുവച്ചു. ആലുവയുടെ ജനപ്രതിനിധിയായുള്ള 15 വർഷത്തെ രാഷ്ട്രീയ ഭേദമെന്യയുള്ള ഊഷ്മളമായ ബന്ധങ്ങൾ വിജയത്തിന് കൂടുതൽ കരുത്ത് പകരുമെന്ന ആത്മവിശ്വാസത്തിലാണ് സ്ഥാനാർഥിയും യുഡിഎഫ് പ്രവർത്തകരും.
ഇന്ന് രാവിലെ കാഞ്ഞൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. വൈകുന്നേരം നാലിന് ആലുവയിലെ യുഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ആലുവാ മഹാത്മാ ഗാന്ധി ടൗൺഹാളിൽ 23ന് ഉദ്ഘാടനം ചെയ്യും.