തിരുവനന്തപുരം: പീഡനത്തിനിരയായി മരിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ പോക്സോ കേസെടുത്തതിൽ പ്രതികരണവുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. താൻ എന്നും ഇരകൾക്കൊപ്പമാണ്.
പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ശ്രീലേഖ പറഞ്ഞു. പോക്സോ നിയമം വന്നപ്പോൾ സന്തോഷിച്ച വ്യക്തിയാണ് താൻ. അറിഞ്ഞുകൊണ്ട് ഒരു പെൺകുട്ടിക്കും ദോഷംചെയ്യില്ല. 2021ൽ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയെന്നാണ് പരാതി.
കുട്ടിക്ക് മരണസമയത്ത് 20 വയസിനോട് അടുത്ത് പ്രായമുണ്ടായിരുന്നു. താൻ നേതൃത്വം നൽകിയ അന്വേഷണത്തിൽ ആ കുട്ടി പ്രായപൂർത്തിയായ ആളാണെന്ന് വ്യക്തമായതാണെന്നും ശ്രീലേഖ ചൂണ്ടിക്കാട്ടി. എഫ്ഐആറിൽ മൈനറെന്ന് രേഖപ്പെടുത്തിയെങ്കിലും കുട്ടിക്ക് പ്രായപൂർത്തിയായതിനാൽ തനിക്കെതിരെയുള്ള കേസിൽ പോക്സോ നിലനിൽക്കില്ല.
2022ലെ സംഭവമായതിനാൽ ഭാരതീയ ന്യായ സംഹിത ബാധകമല്ലെന്നും അവർ പറഞ്ഞു. കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിൽ മാതാപിതാക്കൾക്ക് പരാതിയില്ലെന്നും മാധ്യമങ്ങളിൽ പലയിടത്തും ആ കുട്ടിയുടെ പേര് ഇതിനോടകം വന്നിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.