കൊച്ചി: ചെറുകിട പണമിടപാടുകൾ വേഗത്തിലും സുരക്ഷിതമായും നടത്തുന്നതിന് റുപേ എസ്ഐബി പേ ടാഗ് സൗകര്യം അവതരിപ്പിച്ച് സൗത്ത് ഇന്ത്യൻ ബാങ്ക്. മൊബൈൽ ഫോണ്‍, വാലറ്റ്, കാർഡ് ഹോൾഡർ എന്നിവയിൽ പതിപ്പിക്കാവുന്ന സ്റ്റിക്കർ രൂപത്തിലാണ് എസ്ഐബി പേ ടാഗ് പുറത്തിറക്കിയത്.
എൻഎഫ്സി (നിയർഫീൽഡ് കമ്യൂണിക്കേഷൻ) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു ടാഗ് പ്രവർത്തിക്കുന്നത്. 5,000 രൂപവരെയുള്ള പർച്ചേസുകൾ പിൻനന്പറിന്റെ സഹായമില്ലാതെ പൂർത്തിയാക്കാമെന്നതാണു പ്രത്യേകത. വ്യപാരസ്ഥാപനങ്ങളിലും പെട്രോൾ പന്പുകളിലും സ്ഥാപിച്ചിട്ടുള്ള പിഒഎസ് മെഷീനുകളിൽ ടാപ്പ് ചെയ്ത് ഇടപാട് പൂർത്തിയാക്കാം.
5,000 രൂപയ്ക്കു മുകളിലുള്ള പേമെന്റുകൾക്കു പിൻനന്പർ ആവശ്യമാണ്. ഓണ്‍ലൈൻ പർച്ചേസുകൾ നടത്തുന്ന സമയത്ത് ആവശ്യമായ കാർഡ് നന്പർ, സിവിവി നന്പർ, എക്സ്പയറി ഡേറ്റ് എന്നിവ ബാങ്കിന്റെ എസ്ഐബി മിറർ പ്ലസ് ആപ്ലിക്കേഷൻ മുഖേന ലഭിക്കും.
ടാഗ് സ്റ്റിക്കർ ഉപയോഗിച്ച് ദിവസം ഒരു ലക്ഷം രൂപവരെ ഇടപാട് നടത്താം. ഇടപാട്തുകയുടെ പരിധി നിശ്ചയിക്കാനും നിയന്ത്രിക്കാനും ആപ്ലിക്കേഷനിലൂടെ സാധ്യമാണ്. ഉപഭോക്താക്കൾക്ക് ബ്രാഞ്ചുകളിലൂടെയും SIB Mirror+, SIBerNet (ഇന്റർനെറ്റ് ബാങ്കിംഗ്) ആപ്ലിക്കേഷൻ മുഖേനയും സ്റ്റിക്കറിന് അപേക്ഷിക്കാം.