സാൻ ഫ്രാൻസിസ്കോ: അലാസ്ക-കാനഡ യാത്ര പൂർത്തിയാക്കി ജൂലൈ മൂന്നിന് സാൻ ഫ്രാൻസിസ്കോയിൽ തിരിച്ചെത്തിയ റൂബി പ്രിൻസസ് ക്രൂയിസ് കപ്പലിൽ നൊറോവൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധയെ തുടർന്ന് 120ലധികം യാത്രക്കാരും ജീവനക്കാരും അസ്വസ്ഥരായതായി അമേരിക്കൻ സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.
സിഡിസിയുടെ കണക്കുകൾ പ്രകാരം 102 യാത്രക്കാർക്കും 23 ജീവനക്കാർക്കുമാണ് ഛർദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ നൊറോവൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്.
ജൂൺ 12ന് സാൻ ഫ്രാൻസിസ്കോയിൽ നിന്ന് പുറപ്പെട്ട 20 ദിവസത്തെ അലാസ്ക-കാനഡ യാത്രയ്ക്കിടെയാണ് രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്.
രോഗബാധിതരെ പ്രത്യേകം നിരീക്ഷിച്ചുവരികയാണെന്നും എല്ലാവർക്കും ഒരേസമയം രോഗബാധയുണ്ടായിരുന്നില്ലെന്നും കപ്പൽ തുറമുഖത്തെത്തുമ്പോൾ എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും സിഡിസി വ്യക്തമാക്കി. സംഭവത്തെ തുടർന്ന് കപ്പലിൽ ശുചീകരണവും അണുനശീകരണവും ശക്തമാക്കിയതായി പ്രിൻസസ് ക്രൂയിസ് അധികൃതർ അറിയിച്ചു. അടുത്ത യാത്രയ്ക്കു മുൻപ് കപ്പൽ പൂർണമായും അണുവിമുക്തമാക്കിയെന്നും കമ്പനി വ്യക്തമാക്കി.