നഗോയ: ഏഷ്യന്‍ ഗെയിംസിനു തയാറെടുക്കുന്ന ശ്രീലങ്കന്‍ ജാവലിന്‍ ത്രോ സൂപ്പര്‍ താരം റുമേഷ് തരംഗ പതിരാഗെയ്ക്കു തിരിച്ചടി.
ഹംഗറിയില്‍നിന്നു ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍വച്ച് റുമേഷിന്റെ ജാവലിനു കേടുപാടു സംഭവിച്ചു. ഈ വര്‍ഷം മൂന്നു തവണ 90 മീറ്ററില്‍ കൂടുതല്‍ എറിഞ്ഞ ജാവലിനുകള്ക്കാണ് കേടുപാടുണ്ടായത്. സംഭവത്തില്‍ എയര്‍ലൈന്‍സിന് എതിരേ താരം പരാതി നല്കി.
2026 സീസണില്‍ നടന്ന 14 ജാവലിന്‍ ത്രോ പോരാട്ടങ്ങളില്‍ 13ലും സ്വര്‍ണം സ്വന്തമാക്കിയ താരമാണ് ഇരുപത്തിമൂന്നുകാരനായ റുമേഷ് തരംഗ. ബുഡാപെസ്റ്റില്‍ നടന്ന 2026 ലോക അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു അവസാനമായി സ്വര്‍ണം സ്വന്തമാക്കിയത്.
91.09 മീറ്റര്‍ റുമേഷ് ബുഡാപെസ്റ്റില്‍ എറിഞ്ഞു. അതിനുശേഷം ലങ്കയിലേക്കു മടങ്ങവെയാണ് ജാവലിനു കേടുപാടുണ്ടായത്. "90 മീറ്ററില്‍ കൂടുതല്‍ ക്ലിയര്‍ ചെയ്യാന്‍ ഉപയോഗിച്ച മൂന്നു ജാവലിനും ഒടിഞ്ഞു. എയര്‍ലൈന്‍ കുറ്റക്കാരല്ലായിരിക്കാം'- ഒടിഞ്ഞ ജാവലിനുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് റുമേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
ഇന്ത്യയുടെ നീരജ് ചോപ്രയുടെ അഭാവത്തില്‍, 2026 ഏഷ്യന്‍ ഗെയിംസ് പുരുഷ ജാവലിന്‍ ത്രോയിലെ സൂപ്പര്‍ താരമാണ് റുമേഷ്. പരിക്കിനെത്തുടര്‍ന്നാണ് നീരജിന്റെ പിന്മാറ്റം. മാത്രമല്ല, ഈ സീസണില്‍ ഒരിക്കല്‍പോലും നീരജിനു ശ്രീലങ്കന്‍ താരത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുമില്ല.
റോം ഡയമണ്ട് ലീഗില്‍ റുമേഷ് എറിഞ്ഞ 92.62 മീറ്ററാണ് പുരുഷ ജാവലിന്‍ ത്രോയില്‍ 2026 സീസണിലെ മികച്ച ദൂരം. സൂറിച്ച് ഡയമണ്ട് ലീഗിലും (92.07) അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലും (91.09) ശ്രീലങ്കന്‍ താരം 90 മീറ്ററിനു മുകളില്‍ ദൂരം കണ്ടെത്തി.