ന്യൂയോർക്ക്: യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചശേഷം ഇതുവരെ ഏകദേശം 7,20,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 2022ൽ യുദ്ധം തുടങ്ങിയതു മുതൽ ശരാശരി ഓരോ നാലു മിനിറ്റിലും ഒരു റഷ്യൻ സൈനികൻ വീതം കൊല്ലപ്പെടുന്നുവെന്നാണ് റഷ്യൻ പ്രതിപക്ഷ മാധ്യമങ്ങളായ മീഡിയസോണ, മെദൂസ എന്നിവ പുറത്തുവിട്ട റിപ്പോർട്ടിലുള്ളത്.
ഈ വർഷം സെപ്റ്റംബർ അവസാനം വരെ 4,90,000 സൈനികർ മരിച്ചതായി റഷ്യയുടെ ഔദ്യോഗിക സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയായ ‘റൊസ്റ്റാറ്റ്’ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, മരണങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്തുന്നതിലുള്ള കാലതാമസവും യുദ്ധഭൂമിയിൽ കാണാതായവരെയും (ഇവരിൽ ഭൂരിഭാഗവും കൊല്ലപ്പെട്ടതായാണു കരുതപ്പെടുന്നത്) കൂടി ഉൾപ്പെടുത്തിയാൽ ആകെ മരണസംഖ്യ 7.20 ലക്ഷം കടക്കുമെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
1980കളിലെ അഫ്ഗാൻ യുദ്ധത്തിലും 1990കളിലെ ചെച്നിയൻ യുദ്ധങ്ങളിലും റഷ്യക്കു നഷ്ടമായ സൈനികരുടെ എണ്ണത്തേക്കാൾ എത്രയോ ഇരട്ടിയാണിത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം റഷ്യ നേരിടുന്ന ഏറ്റവും വലിയ ആൾനാശമാണിത്.
വിവരങ്ങൾ ചോർന്നത് ഹാക്കിംഗിലൂടെ
മരണസംഖ്യ കുത്തനെ ഉയർന്നതോടെ 2025 മുതൽ ജനസംഖ്യാ വിവരങ്ങൾ പുറത്തുവിടുന്നത് റൊസ്റ്റാറ്റ് നിർത്തിവച്ചിരുന്നു. എന്നാൽ, യുക്രെയ്ൻ അനുകൂല ഹാക്കർ ഗ്രൂപ്പുകളായ സൈബർ പാർട്ടിസാൻസ് ഓഫ് ബെലാറസ്, സൈലന്റ് ക്രോ എന്നിവ ഈ മാസം ആദ്യം റൊസ്റ്റാറ്റിന്റെ സെർവറുകൾ ഹാക്ക് ചെയ്ത് രേഖകൾ ചോർത്തുകയായിരുന്നു.
മരണത്തീയതിയും രജിസ്ട്രേഷൻ തീയതിയും തമ്മിലുള്ള അന്തരവും ബന്ധുക്കൾ പ്രസിദ്ധീകരിച്ച തെരച്ചിൽ നോട്ടീസുകളും വിശകലനം ചെയ്തതിലൂടെ ഔദ്യോഗിക കണക്കിൽപ്പെടാത്ത 2,30,000 മരണങ്ങൾകൂടി നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടർമാർ കണ്ടെത്തി. കാണാതായ 1.60 ലക്ഷം സൈനികരിൽ 10 ശതമാനം പേർ മാത്രമേ ജീവനോടെ ഉണ്ടാകാൻ സാധ്യതയുള്ളൂവെന്നും മീഡിയസോണ വിലയിരുത്തുന്നു.
ശരാശരി പുരുഷായുസ് കുറയാനും കാരണം
യുദ്ധം തുടങ്ങിയതുമുതൽ റഷ്യയിലെ നാലാമത്തെ വലിയ മരണകാരണമായി യുദ്ധം മാറിയെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഹൃദ്രോഗം, കോവിഡ്, പക്ഷാഘാതം എന്നിവ മാത്രമാണ് ഇതിനു മുന്നിലുള്ളത്. റഷ്യയിലെ പിന്നാക്ക പ്രദേശങ്ങളിൽനിന്നുള്ളവരും വംശീയ ന്യൂനപക്ഷങ്ങളുമാണ് യുദ്ധത്തിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെട്ടത്.
യുദ്ധത്തിലെ കനത്ത ആൾനാശം റഷ്യൻ പുരുഷന്മാരുടെ ശരാശരി ആയുർദൈർഘ്യം 65.3 വയസായി കുറയാൻ കാരണമായി. 2019നെ അപേക്ഷിച്ച് 3.1 വർഷത്തിന്റെ കുറവാണിത്. അതേസമയം സ്ത്രീകളുടെ ആയുർദൈർഘ്യം 79.3 വയസായി ഉയർന്നു.
കൊല്ലപ്പെട്ടവരിൽ 6,947 വിദേശികളും
റഷ്യൻ സൈന്യത്തിൽ ചേർന്ന് യുക്രെയ്നിൽ പോരാടിയ 6,947 വിദേശ പൗരന്മാർ കൊല്ലപ്പെട്ടതായും ‘നെസ്റ്റ് സെന്റർ’ എന്ന ഗവേഷണസ്ഥാപനം നടത്തിയ വിശകലനത്തിൽ കണ്ടെത്തി. കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ മധ്യേഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് ഇതിൽ ഭൂരിഭാഗവും.
യുക്രെയ്നു നഷ്ടപ്പെട്ടത് 1.50 ലക്ഷം സൈനികരെ
യുക്രെയ്നും തങ്ങളുടെ സൈനികനഷ്ടങ്ങളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിടാറില്ല. എങ്കിലും യുക്രെയ്ന് 1.25 ലക്ഷം മുതൽ 1.50 ലക്ഷം വരെ സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ വിലയിരുത്തൽ. ഇരുരാജ്യങ്ങളിലുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 10 ലക്ഷം കടന്നിട്ടുണ്ടാകാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.