കീവ് / ബര്‍ലിന്‍: ജര്‍മന്‍ ഫെഡറല്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സിന്റെ അപ്രതീക്ഷിത കീവ് സന്ദര്‍ശനത്തിനിടെ യുക്രൈൻ തലസ്ഥാനത്ത് റഷ്യയുടെ അതിരൂക്ഷമായ ഡ്രോണ്‍ ആക്രമണം. ചാന്‍സലറും സംഘവും നഗരത്തില്‍ തുടരവെ, കീവിലെ തന്ത്രപ്രധാനമായ 'നോര്‍ത്ത് ബ്രിഡ്ജില്‍' (North Bridge) റഷ്യന്‍ ഡ്രോണ്‍ പതിച്ചതായി നഗര മേയര്‍ വിറ്റാലി ക്ളിറ്റ്ഷ്കോ അറിയിച്ചു.
പാലത്തില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും വന്‍ തീപിടിത്തമുണ്ടാവുകയും ചെയ്തതോടെ അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. മോസ്കോയുടെ കടുത്ത ഭീഷണികളും മുന്നറിയിപ്പുകളും വകവെക്കാതെയാണ് ഞായറാഴ്ച രാവിലെ മെര്‍സ് കീവില്‍ മിന്നല്‍ സന്ദര്‍ശനത്തിനെത്തിയത്.
സെലന്‍സ്കിയുമായി കൂടിക്കാഴ്ച; സൈനികര്‍ക്ക് ആദരം
കീവിലെത്തിയ ചാന്‍സലര്‍ മെര്‍സ്, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തി. യുദ്ധത്തില്‍ വീരമൃത്യു വരിച്ച യുക്രൈന് സൈനികരുടെ സ്മരണയ്ക്കായി സ്വാതന്ത്ര്യ ചത്വരത്തില്‍ ഒരുക്കിയ താല്‍ക്കാലിക സ്മാരകത്തില്‍ ഇരു നേതാക്കളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സാമ്പത്തിക മന്ത്രി കാതറീന റൈഷെ, പ്രതിരോധ~ഊര്‍ജ മേഖലകളിലെ പത്ത് പ്രമുഖ വ്യവസായ പ്രമുഖര്‍ എന്നിവരും ചാന്‍സലറെ അനുഗമിക്കുന്നുണ്ട്.
പോളണ്ടിലെ ഷെഷോവ് വിമാനത്താവളത്തില്‍ വ്യോമസേനാ വിമാനത്തിലെത്തിയ സംഘം അവിടെനിന്നും പ്രത്യേക ട്രെയിന്‍ മാര്‍ഗമാണ് അതീവ സുരക്ഷയില്‍ കീവില്‍ എത്തിയത്. റഷ്യന്‍ അധിനിവേശത്തിനെതിരെ കൂടുതല്‍ വിപുലമായ സൈനിക സഹായങ്ങള്‍ ജര്‍മനി യുക്രൈയ്ന് ഉറപ്പുനല്‍കി. റഷ്യന്‍ ഡ്രോണുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ആയിരക്കണക്കിന് ഇന്റര്‍സെപ്റ്റര്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ജര്‍മനി കൈമാറും.
"റഷ്യയെ ഇപ്പോള്‍ തടഞ്ഞുനിര്‍ത്തിയില്ലെങ്കില്‍ അവരുടെ യുദ്ധതന്ത്രങ്ങള്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നമുക്ക് നേരെ തിരിയും," എന്ന് കീവിലെത്തിയ ഉടന്‍ മെര്‍സ് വ്യക്തമാക്കി. ശക്തമായ തിരിച്ചടികളിലൂടെ മാത്രമേ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ സമാധാന ചര്‍ച്ചകളിലേക്ക് കൊണ്ടുവരാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശികള്‍ കീവ് വിടണമെന്ന് റഷ്യയുടെ ഭീഷണി ചാന്‍സലറുടെ ട്രെയിന്‍ കീവിലെത്തുന്നതിന് തൊട്ടുമുമ്പ് വിദേശ നയതന്ത്രജ്ഞരും സന്ദര്‍ശകരും യുക്രൈൻ തലസ്ഥാനം വിടണമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഭീഷണികള്‍ തള്ളിയാണ് മെര്‍സ് പര്യടനവുമായി മുന്നോട്ടുപോയത്. റഷ്യയുടെ ഹൈബ്രിഡ് ആക്രമണങ്ങള്‍ കൊണ്ടോ എഎഫ്ഡി പാര്‍ട്ടിയുടെ റഷ്യന്‍ അനുകൂല പ്രചാരണങ്ങള്‍ കൊണ്ടോ ജര്‍മനിയെ ഭിന്നിപ്പിക്കാനാവില്ലെന്ന് മെര്‍സ് വ്യക്തമാക്കി.
വരാനിരിക്കുന്ന അഞ്ചാമത്തെ യുദ്ധ ശൈത്യകാലത്ത് നഗരങ്ങളും താപവൈദ്യുത നിലയങ്ങളും റഷ്യ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ ഉക്രെയ്നൊപ്പം ഉറച്ചുനില്ക്കുക എന്നതാണ് ജര്‍മനിയുടെ നിലപാടെന്നും അദ്ദേഹം അടിവരയിട്ടു. കനത്ത സുരക്ഷാ ഭീഷണികള്‍ക്കിടയിലും ജര്‍മനിയുടെ അചഞ്ചലമായ പിന്തുണ ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് ചാന്‍സലറുടെ ഈ സന്ദര്‍ശനം.