ഹെൽസിങ്കി: ഫിൻലൻഡ് ഉൾക്കടലിൽ റഷ്യൻ യുദ്ധക്കപ്പൽ യുക്രെയ്ൻ ഡ്രോൺ ആക്രമണത്തിനിരയായി. നാരോ ഫൊമിൻസ്ക് എന്നു പേരുള്ള യുദ്ധക്കപ്പൽ ഇതേത്തുടർന്ന് സെന്റ് പീറ്റേഴ്സ്ബെർഗിലേക്കു മടങ്ങി. ബാൾട്ടിക് മേഖലയിൽ റഷ്യൻ യുദ്ധക്കപ്പൽ ആക്രമിക്കപ്പെടുന്നതാദ്യമാണ്.
ബുധനാഴ്ചയുണ്ടായ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കപ്പലിൽനിന്ന് പുക ഉയർന്നതായി റിപ്പോർട്ടുണ്ട്. ആളപായം ഉണ്ടായോ എന്നറിയില്ല. കപ്പലിന്റെ കേടുപാടു സംബന്ധിച്ചും വ്യക്തതയില്ല. കാലിബർ, ഒനിക്സ് ക്രൂസ് മിസൈലുകൾ ഈ കപ്പലിലുണ്ട്.
യുക്രെയ്നിലെ എസ്ബിയു സുരക്ഷാ ഏജൻസി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റു. ഫിൻലൻഡിനോടു ചേർന്ന ഇടുങ്ങിയ ഉൾക്കടലിലുണ്ടായ ആക്രമണം വാണിജ്യകപ്പലുകൾക്ക് ആശങ്ക സൃഷ്ടിച്ചു. എണ്ണടാങ്കറുകളുടെയും സിവിലിയൻ കപ്പലുകളുടെയും സ്ഥിരം പാതയാണിത്. കടലിനടിയിൽ ഡേറ്റാ കേബിളും പോകുന്നുണ്ട്.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ നേവിയിലെ ബാൾട്ടിക് കപ്പൽപ്പട നേരിടുന്ന ആദ്യ ആക്രമണമാണിത്. കരിങ്കടലിൽ റഷ്യൻ യുദ്ധക്കപ്പലുകളെ യുക്രെയ്ൻ പലപ്പോഴും ആക്രമിച്ചിട്ടുണ്ട്.