കൊച്ചി: റയാന് വില്യംസിനെ പോലുള്ള അഞ്ച് കളിക്കാരെങ്കിലും ഉണ്ടെങ്കില്‍ എന്ന് ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകര്‍ ചിന്തിച്ചുപോയ ദിനം. ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഓസ്ട്രേലിയക്കാരനായ റയാന് വില്യംസ് അരങ്ങേറ്റത്തില്‍ ഗോള്‍ സ്വന്തമാക്കി. മത്സരത്തില്‍ ഇന്ത്യ 2-1ന് ഹോങ്കോംഗിനെ കീഴടക്കി. 2027 എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ ഗ്രൂപ്പ് സിയില്‍ ഇന്ത്യയുടെ ആദ്യ ജയം. ഹോങ്കോംഗിന്റെ രണ്ടാം തോല്‍വിയും.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കിയത് റയാന് വില്യംസിന്റെ അരങ്ങേറ്റത്തിനായി ആയിരുന്നു. സ്റ്റാര്‍ട്ടിംഗ് ഇലവനിൽ കളത്തിലെത്തിയ റയാന് വില്യംസ്, നാലാം മിനിറ്റില്‍ ഇന്ത്യക്കു ലീഡ് സമ്മാനിച്ചു.
മന്‍വീര്‍ സിംഗിന്റെ പാസില്‍ നിന്നായിരുന്നു റയാന് വില്യംസിന്റെ ഗോള്‍. അതോടെ ഗാലറിയിലെത്തിയ ആരാധകര്‍ ആവേശക്കൊടുമുടിയില്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ പന്തിന്റെ നിയന്ത്രണം ഇന്ത്യയുടെ വരുതിയിലായിരുന്നു. ഹോങ്കോംഗ് പ്രസിംഗ് നടത്തിയെങ്കിലും സന്ദേശ് ജിങ്കന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം കുലുങ്ങിയില്ല. അതോടെ 1-0ന്റെ ലീഡുമായി ഇന്ത്യ ആദ്യ പകുതി അവസാനിപ്പിച്ചു.
50-ാം മിനിറ്റില്‍ അഭിഷേക് മിശ്ര ഇന്ത്യയുടെ ലീഡ് ഉയര്‍ത്തി. രാഹുല്‍ ബെക്കെയുടെ ത്രോബോളിനുശേഷം ലഭിച്ച പന്തായിരുന്നു അഭിഷേക് മിശ്ര വലയിലാക്കിയത്. 65-ാം മിനിറ്റില്‍ ഹോങ്കോംഗ് ഒരു ഗോള്‍ മടക്കി. സന്ദേശ് ജിങ്കനും ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗും ഒന്നിച്ചുശ്രമിച്ചു പരാജയപ്പെട്ടതോടെയാണ് ഇന്ത്യന്‍ വല കുലുങ്ങിയത്. ഗുര്‍പ്രീത് സിംഗ് അഡ്വാന്‍സ് ചെയ്തു കയറിയതും ഇന്ത്യക്കു വിനയായി.
യോഗ്യത നേടാതെ നേരത്തേ ഇന്ത്യന്‍ ടീം പുറത്തായിരുന്നു. എന്നാല്‍, യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കാന്‍ ഖാലിദ് ജമീലിന്റെ ശിഷ്യന്മാര്ക്കു സാധിച്ചു. മുഖ്യപരിശീലകനായി ചുമതലയേറ്റശേഷം ഇന്ത്യന്‍ മണ്ണില്‍ ജമീലിന്റെ ആദ്യ ജയമാണ്.
10 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കൊച്ചിയില്‍ രാജ്യാന്തര ഫുട്ബോള്‍ അരങ്ങേറിയത്. ഗ്രൂപ്പ് സിയില്‍ ആറു മത്സരങ്ങളില്‍നിന്ന് 14 പോയിന്റുമായി സിംഗപ്പുര്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. അഞ്ച് പോയിന്റുമായി ഇന്ത്യ അവസാന സ്ഥാനത്താണ്. ഹോങ്കോംഗ് (എട്ട്), ബംഗ്ലാദേശ് (അഞ്ച്) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.