ന്യൂഡൽഹി: സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന (ഇഡബ്ല്യുഎസ്) വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് പട്ടികജാതി (എസ്സി), പട്ടികവർഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി) എന്നിവർക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി.
പിന്നാക്ക വിഭാഗങ്ങളിൽ ജനിക്കുന്നവർ ജീവിതകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുന്പോൾ, സാന്പത്തികമായ പിന്നാക്കാവസ്ഥ എപ്പോൾ വേണമെങ്കിലും മാറാവുന്ന ഒന്നാണെന്ന് ജസ്റ്റീസുമാരായ അനിൽ ക്ഷേത്രപാൽ, അമിത് മഹാജൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കേന്ദ്രസർക്കാർ നിയമനങ്ങളിൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കു ലഭിക്കുന്നതുപോലെ ഉയർന്ന പ്രായപരിധിയിലും പരീക്ഷ എഴുതാവുന്ന തവണകളിലും ഇളവ് വേണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഇഡബ്ല്യുഎസ് ഉദ്യോഗാർഥികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2019ൽ ഏർപ്പെടുത്തിയ ഇഡബ്ല്യുഎസ് വിഭാഗം മറ്റ് സംവരണ വിഭാഗങ്ങളിൽനിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഓരോ വിഭാഗവും നേരിടുന്ന വെല്ലുവിളികളുടെ സ്വഭാവം പരിശോധിച്ചാൽ ഈ വ്യത്യാസം വ്യക്തമാകുമെന്നും ബെഞ്ച് നിരീക്ഷിച്ചു.