കൊച്ചി: മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരേ പ്രതിഷേധമുയർത്തിയ സംഭവത്തിൽ കോളജ് യൂണിയൻ ഭാരവാഹികളായ രണ്ട് എസ്എഫ്ഐ നേതാക്കൾക്കു സസ്പെൻഷൻ.
യൂണിയൻ ചെയർമാൻ പ്രണീൽ രാജിനെയും വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയയെയുമാണ് പത്തു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഇന്നലെ പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടന്ന കൗൺസിൽ യോഗത്തിലായിരുന്നു തീരുമാനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും കൗൺസിൽ തീരുമാനിച്ചു.
സസ്പെൻഷൻ പ്രഖ്യാപനത്തിനു പിന്നാലെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ കോളജിൽ പ്രതിഷേധ പ്രകടനം നടന്നു. കഴിഞ്ഞ 30ന് കോളജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയായിരുന്നു മന്ത്രിക്കെതിരേ പ്രതിഷേധമുയർന്നത്.
കാലടി സർവകലാശാലയിലെ 16 വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി ചൂണ്ടിക്കാട്ടി വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ മന്ത്രിയോടു ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ നഫീസത്തുൾ മിസ്രിയയെ നീക്കം ചെയ്യാൻ ശ്രമിച്ചതോടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.