നൂറുകണക്കിന് വിദ്യാർഥികളുടെയും അവരുടെ മാതാപിതാക്കളുടെയും വർഷങ്ങളായുള്ള അധ്വാനവും സ്വപ്നവുമാണ് എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങ്. എന്നാൽ ആ മനോഹര നിമിഷത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിച്ച സംഭവം വലിയ പ്രതിഷേധങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണും മുഖ്യമന്ത്രി വി.ഡി. സതീശനും രംഗത്തെത്തി.
വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം തകർക്കാൻ ശ്രമിച്ച എസ്എഫ്ഐ നടപടിയെ ശക്തമായ ഭാഷയിലാണ് മന്ത്രി റോജി എം. ജോൺ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചത് "ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന് രാഷ്ട്രീയ വ്യക്തതയും ജനാധിപത്യപരമായ മര്യാദയും വേണമെന്നും വിദ്യാർഥികളുടെ സ്വപ്നങ്ങൾ തകർത്തുകൊണ്ടാകരുത് പ്രതിഷേധങ്ങളെന്നും റോജി എം. ജോൺ വ്യക്തമാക്കി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് വന്ന താൻ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ എപ്പോഴും മാനിച്ചിട്ടുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ചവരോട് നിങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താം, ചടങ്ങ് ഭംഗിയായി പൂർത്തിയാക്കിയ ശേഷം ഏത് ചോദ്യത്തിനും മറുപടി തന്നിട്ടേ മടങ്ങൂ എന്ന് വ്യക്തമായി പറഞ്ഞ കാര്യവും ഓർമ്മിപ്പിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻകാല നിലപാടുകളെയും റോജി എം. ജോൺ എടുത്തുപറഞ്ഞ് വിമർശിച്ചു.
പൊതുപരിപാടിക്കിടെ അണികളിൽ ഒരാൾ ചോദ്യമുയർത്തിയപ്പോൾ അതൊക്കെ വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് പറഞ്ഞ് അധികാരത്തിന്റെ അഹങ്കാരം കാണിച്ച ചരിത്രമാണ് പിണറായി വിജയനുള്ളത്. പിണറായി വിജയന്റെ വേദിക്ക് കിലോമീറ്ററുകൾ അകലെ നിൽക്കുന്നവരുടെ പോലും കറുത്ത വസ്ത്രവും കറുത്ത മാസ്കും അഴിപ്പിച്ച കാലമല്ല ഇതെന്നും അദ്ദേഹം പരിഹസിച്ചു. കൂടാതെ, നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കയറി താണ്ഡവമാടുകയും കസേരകളും മൈക്കുകളും തല്ലിത്തകർക്കുകയും ചെയ്ത മുൻ വിദ്യാഭ്യാസ മന്ത്രി ഒടുവിൽ ലൈവ് കണ്ട സംഭവം ഉണ്ടായിട്ടേയില്ലെന്ന് കോടതിയിൽ പറഞ്ഞതുപോലെ താൻ മാറ്റിപ്പറയില്ലെന്നും റോജി കൂട്ടിച്ചേർത്തു.
20 മിനിറ്റോളം എസ്എഫ്ഐക്കാരുടെ മുന്നിൽ തന്നെ നിന്ന് പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടത്. വിദ്യാർഥികളുടെ ഭാവിക്കും കലാലയങ്ങളിലെ ജനാധിപത്യത്തിനും മേൽ ഒരു രാഷ്ട്രീയ കൊടിക്കും അഴിഞ്ഞാടാനുള്ള ലൈസൻസുമില്ല എന്ന് റോജി എം. ജോൺ വ്യക്തമാക്കി. എസ്എഫ്ഐ ക്യാംപസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്രിമിനലുകളെ പോലെയാണ് പെരുമാറിയതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നതിന് പകരം തനി ഗുണ്ടായിസമാണ് മഹാരാജാസ് കോളജിൽ നടന്നത്.
വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും സ്വപ്നം തകർത്തതിന് എസ്എഫ്ഐ പൊതു സമൂഹത്തോടും വിദ്യാർഥികളോടും മാപ്പ് പറയണമെന്നും, ബിരുദദാന ചടങ്ങ് അലങ്കോലമാക്കിയവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് മേൽ രാഷ്ട്രീയം പറഞ്ഞ് നടത്തുന്ന ഇത്തരം കടന്നുകയറ്റങ്ങൾക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്.