ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ തീരുമാനങ്ങളും നടപടികളും ഏകപക്ഷീയവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് ഇന്ത്യസഖ്യം പ്രക്ഷോഭം ആരംഭിച്ചതിനു ശേഷം കേന്ദ്ര ഇലക്ഷൻ കമ്മീഷൻ തിരുത്തിയത് നിരവധി തീരുമാനങ്ങൾ. പ്രസ്താവനകളിലും പത്രസമ്മേളനങ്ങളിലും പ്രതിപക്ഷം ഉന്നയിച്ചിരുന്ന വിഷയങ്ങൾ തെരുവിലേക്ക് എത്തിയതോടെയാണ് ഇലക്ഷൻ കമ്മീഷൻ സമ്മർദത്തിലാവുകയും പല തീരുമാനങ്ങളും തിരുത്തുകയുംചെയ്തത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ ഏകപക്ഷീയമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന മറ്റു രണ്ടു കമ്മീഷണർമാർക്ക് പരാതിയുണ്ടെന്ന വിവരങ്ങൾകൂടി പുറത്തുവന്നതോടെ തിരുത്തൽ നടപടികൾ കമ്മീഷൻ വേഗത്തിലാക്കി. ഇലക്ഷൻ കമ്മീഷന്റെ സോഫ്റ്റ് വെയറുകളും മറ്റും നിയന്ത്രിക്കാൻ സീമ ഖന്നയ്ക്കു നൽകിയിരുന്ന അമിത അധികാരവും കമ്മീഷൻ റദ്ദാക്കി. പ്രക്ഷോഭകർ ആക്ഷേപം ഉന്നയിച്ചതും കോടതിയിൽ പരാതി കൊടുത്തതുമായ നിരവധി നടപടികളിൽ കമ്മീഷൻ തിരുത്തൽ വരുത്തി. കോടതിയുടെ ഇടപെടലുകളും ചില തിരുത്തലുകൾക്ക് കാരണമായി.
ഇന്ത്യസഖ്യ സമരം തുടങ്ങിയ ശേഷം ഇലക്ഷൻ കമ്മീഷൻ വരുത്തിയ പ്രധാന 10 തിരുത്തലുകൾ:
1. സെർച്ച് ചെയ്യാവുന്ന പിഡിഎഫ് വോട്ടർപട്ടിക ലഭ്യമാക്കി: വോട്ടർപട്ടികകൾ ഇമേജ് അല്ലെങ്കിൽ സെർച്ച് ചെയ്യാൻ കഴിയാത്ത ഡിജിറ്റൽ ഫോർമാറ്റിൽ നൽകുന്നതിനു പകരം, രാഷ്ട്രീയ പാർട്ടികൾക്ക് വിവരങ്ങൾ എളുപ്പത്തിൽ വിശകലനം ചെയ്യാവുന്ന സേർച്ച ചെയ്യാവുന്ന പിഡിഎഫ് ആയി വോട്ടർപട്ടിക നൽകാൻ തീരുമാനിച്ചു.
2. നീക്കം ചെയ്ത വോട്ടർമാർക്ക് റീ-അപ്ലൈ ചെയ്യാനുള്ള ഫോം തിരുത്തി: വോട്ടർപട്ടികയിൽനിന്നു പേരുകൾ ഒഴിവാക്കപ്പെട്ടവർക്കു വീണ്ടും അപേക്ഷിക്കാൻ ഫോം-6 (പുതിയ വോട്ടർമാർക്കുള്ളത്) നിർബന്ധമാക്കിയത് മാറ്റി, ഫോം-8 (ഡാറ്റ കറക്ഷൻ/തിരുത്തൽ) വഴി അപേക്ഷിക്കാൻ അനുമതി നൽകി.
3. പൂർവികരുടെ വോട്ടർ വിവരങ്ങൾ നൽകണമെന്ന വ്യവസ്ഥ പിൻവലിച്ചു: ഓൺലൈൻ ഫോം-6 വഴി അപേക്ഷിക്കുമ്പോൾ മുൻ വോട്ടർപട്ടികയിലെ മാതാപിതാക്കളുടെയോ മുത്തശി-മുത്തശന്മാരുടെയോ വിവരങ്ങൾ നിർബന്ധമായും നൽകണമെന്ന വ്യവസ്ഥ പിൻവലിച്ചു.
4. ഐടി വിഭാഗത്തിലെ ഏകപക്ഷീയമായ മേൽനോട്ട മാറ്റം റദ്ദാക്കി: സീനിയർ ഡി.ഇ.സിയെ ഒഴിവാക്കി ഐടി വിഭാഗം ഡയറക്ടർ ജനറലിൽ (സീമ ഖന്ന) കേന്ദ്രീകരിച്ചിരുന്ന അധികാര ഘടന റദ്ദാക്കി. സീനിയർ ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണറുടെ മേൽനോട്ട സംവിധാനം പുനഃസ്ഥാപിച്ചു.
5. ആബ്സെന്റ്/ഷിഫ്റ്റഡ് വോട്ടർമാരുടെ കൂട്ടത്തോടെയുള്ള പേര് വെട്ടൽ പുനഃപരിശോധന: എസ്ഐആർ (Special Intensive Revision) പ്രക്രിയ വഴി ലക്ഷക്കണക്കിനു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതിനെതിരേ പരാതി വന്നതോടെ ചില ഘട്ടങ്ങളിൽ വോട്ടർമാരെ ഒഴിവാക്കുന്നത് നിർത്തിവച്ച് പരിശോധന കർശനമാക്കി.
6. വോട്ടർമാർക്കെതിരെ നിയമനടപടി ഇല്ല: നേരത്തെ ഫോം-6 തെറ്റായി പൂരിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി അപേക്ഷകർക്കെതിരെ നിയമനടപടിയെടുക്കാനുള്ള നിർദേശം നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
7. തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ സമയം നീട്ടിനൽകൽ (Special Summary Revision): രാഷ്ട്രീയ പാർട്ടികൾക്കും പൊതുജനങ്ങൾക്കും വോട്ടർപട്ടികയിലെ തെറ്റുകൾ സമർപ്പിക്കാനും തിരുത്തലുകൾ വരുത്താനുമായി എസ്എസ്ആർ സമയം നീട്ടി നല്കി.
8. അപ്പീൽ നടപടി ലളിതമാക്കി: വോട്ടർപട്ടികയിൽനിന്നു പേര് വെട്ടപ്പെട്ടവർക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു മുന്നിൽ പരാതിയും അപ്പീലും നൽകാനുള്ള കാലയളവും അപേക്ഷാ രീതികളും സുതാര്യമാക്കി.
9. ECINET സാങ്കേതിക സംവിധാനങ്ങൾ പരിശോധിക്കാൻ സ്വതന്ത്ര സമിതി: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ കണക്കിലെടുത്ത് സുതാര്യത ഉറപ്പാക്കുന്നതിന് ഐഐടി മുംബൈ (IIT-B), ഐഐഎസ്സി (IISc) അംഗങ്ങൾ ഉൾപ്പെടുന്ന വിദഗ്ധ പാനലിനെ സോഫ്റ്റ്വെയർ മേൽനോട്ടത്തിനായി നിശ്ചയിച്ചു.
10. സംസ്ഥാനതല റിവിഷൻ പ്രക്രിയകളിലെ ഏകപക്ഷീയത മാറ്റി: ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിപക്ഷം ഉന്നയിച്ച എതിർപ്പുകളെത്തുടർന്ന് വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിൽ പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ മേൽനോട്ടം കൂടുതൽ കർശനമാക്കി.