തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം കിട്ടാനുള്ള അവസരം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പിന്തുണയോടെ എസ്ഐടി ഒരുക്കികൊടുത്തതാണെന്ന് ആവർത്തിച്ചു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം കിട്ടും. അതാണ് പത്മകുമാറിന് ലഭിച്ചത്.
എല്ലാ തെളിവുകളും നശിപ്പിക്കാൻ രാഷ്്ട്രീയ പിൻബലമുള്ള പ്രതികളാണ് പുറത്തിറങ്ങുന്നത്. കേസ് എങ്ങുമെത്താതെ അവസാനിക്കും. തെളിവുകൾ നശിപ്പിക്കപ്പെടും. അത്രയും സ്വാധീനമുള്ളവരാണ് പുറത്തിറങ്ങിയത്. പ്രതികൾ അകത്തായിരുന്നപ്പോൾ പോലും തെളിവുകൾ ശേഖരിക്കാനായില്ല. പ്രതികൾ പുറത്തിറങ്ങിയാൽ തെളിവിന്റെ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ അതും നശിപ്പിക്കപ്പെടും. പ്രതികളെല്ലാം സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ്.
അറസ്റ്റ് ചെയ്യപ്പെടേണ്ടവരിലേക്കുപോലും കേസ് അന്വേഷണം പോയില്ല. പ്രതികളെയെല്ലാം രക്ഷിക്കുന്നു. അകത്തുള്ളവർ എന്തെങ്കിലും പറഞ്ഞാൽ പുറത്തുള്ളവരും പ്രതികളാകും. അതുകൊണ്ട് അകത്തുള്ളവരെ രക്ഷിക്കാൻ നടത്തിയ ഗൂഢാലോചനയുടെ പരിണിതഫലമാണ് ഇപ്പോൾ കാണുന്നത്.
അന്വേഷണം കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്നുവെന്നാണ് കരുതിയത്. എന്നാൽ 90 ദിവസത്തിനകം പ്രാഥമിക കുറ്റപത്രം പോലും നൽകിയില്ല. അതിനിടെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നു പോലും പറഞ്ഞില്ല.
തന്ത്രിയെ പോലെ ഒരാളെ അറസ്റ്റ് ചെയ്യുന്പോൾ എന്ത് കുറ്റകൃത്യമാണ് അദ്ദേഹം ചെയ്തതെന്ന് പൊതുസമൂഹത്തോട് പറയാനുള്ള ഉത്തരവാദിത്വം എസ്ഐടിക്കുണ്ട്. തന്ത്രിക്കെതിരേ തെളിവിന്റെ കണിക പോലും ഇല്ലെന്നാണ് കോടതി പറഞ്ഞത്.
ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സിപിഎം നവോത്ഥാനമുണ്ടാക്കാൻ പോയി. അവസാനം അതിൽ നിന്നെല്ലാം മാപ്പ് പറഞ്ഞ് പിൻമാറി. എന്നിട്ടും സുപ്രീംകോടതിയിൽ ഇത്രകാലമായിട്ടും സത്യവാങ്മൂലം തിരുത്തി നൽകാൻ തയാറാകാതിരുന്നത് എന്തുകൊണ്ടാണ്? ഇപ്പോൾ യുവതീ പ്രവേശനത്തെ എതിർത്ത് സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.