ചങ്ങനാശേരി: സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിക്കുന്ന എസ്ജെസിസി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ നാലാം പതിപ്പ് നാളെമുതല്‍ 18 തീയതികളില്‍ കോളജ് കാമ്പസിലെ അറ്റ്മോസ് തീയറ്ററില്‍ നടക്കും. നാളെ ഉച്ചയ്ക്ക് 12ന് പ്രശസ്ത സംവിധായകന് ചിദംബരം എസ്. പൊതുവാള് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും.
ദിവസവും പുറത്തുനിന്നുള്ള 35 പേര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരം
മത്സരവിഭാഗം, കാമ്പസ്, ഔട്ട് ഓഫ് കോമ്പറ്റീഷന്, അലുമ്നി വിഭാഗങ്ങളിലെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനങ്ങള്‍ക്കുശേഷം സംവിധായകരുമായുള്ള സംവാദങ്ങളും മത്സരവിഭാഗത്തിലെ ചിത്രങ്ങളിലെ അണിയറപ്രവര്‍ത്തകരുമായുള്ള ഓപ്പണ്‍ ഫോറങ്ങളും ഉണ്ടായിരിക്കും. ദിവസവും പുറത്തുനിന്നുള്ള 35 പേര്‍ക്ക് സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരിക്കും.
മേളയ്ക്ക് മുന്നോടിയായി ഇന്നലെയും ഇന്നുമായി നടക്കുന്ന സൗണ്ട് ഡിസൈനര്‍ ബിശ്വദീപ് ചാറ്റര്‍ജി, എഡിറ്റര്‍ ബി. അജിത്കുമാര്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്, സംവിധായകന് അരുണ്‍ ബോസ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സിനിമകളുടെ പ്രദര്‍ശനം ദിവസവും രാവിലെ 8.45ന്
നാളെ രാവിലെ 8.45ന് ചിദംബരം എസ്. പൊതുവാള് സംവിധാനം ചെയ്ത ബാലന്. വൈകിട്ട് എസ്ജെസിസി അലുമ്നി സെഷനില്‍ രണ്ട് ഡോക്യുമെന്ററികൾ പ്രദര്‍ശിപ്പിക്കും.
17ന് രാവിലെ 8.45ന് കൃഷാന്ദ് ആര്.കെ. സംവിധാനം ചെയ്ത മസ്തിഷ്ക മരണം. 18ന് രാവിലെ 8.45ന് രാജേഷ് മാധവന് സംവിധാനം ചെയ്ത പെണ്ണും പൊറാട്ടും.
മികച്ച ചിത്രത്തിന് 25,000 കാഷ് അവാര്‍ഡ്
പ്രമുഖ ചലച്ചിത്ര നിരൂപകനും എഫ്ഐപി ആര്ഇഎസ്ഇഐ ജനറല്‍ സെക്രട്ടറിയുമായ പ്രേമേന്ദ്ര മജുംദാര്‍ മത്സരവിഭാഗത്തിന്റെ ജൂറി ചെയര്‍മാനായി പ്രവര്‍ത്തിക്കും. സംവിധായകനും തിരക്കഥാകൃത്തുമായ അരുണ്‍ ബോസും അഭിനേത്രി സജിത മഠത്തിലും ജൂറി അംഗങ്ങളാണ്.
മികച്ച ചിത്രത്തിന് വേഴാമ്പലിന്റെ മാതൃകയിലുള്ള ഗോള്‍ഡന്‍ ഹോണ്‍ബില്‍ പുരസ്കാരവും 25,000 കാഷ് അവാര്‍ഡും രണ്ടാം മികച്ച ചിത്രത്തിനും മികച്ച കാമ്പസ് ചിത്രത്തിനും സില്‍വര്‍ ഹോണ്‍ബില്‍ പുരസ്കാരവും 15,000 രൂപ കാഷ് അവാര്‍ഡും മികച്ച കാമ്പസ് ചിത്രത്തിന് പതിനായിരം രൂപ കാഷ് അവാര്‍ഡും സമ്മാനിക്കും. 18ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
ഉച്ചകഴിഞ്ഞ് കാമ്പസ് ചിത്രങ്ങള്‍
മൂന്നു ദിവസങ്ങളിലും ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ഏഴുവരെ എസ്ജെസിസി വിദ്യാര്‍ഥികളുടെ കലാപരിപാടികളും പ്രമുഖ മ്യൂസിക് ബാന്‍ഡുകളുടെ പ്രകടനങ്ങളുമുണ്ടാകും.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോഫി പുതുപറമ്പിലിന്റെ കീഴിൽ വിവിധ കമ്മിറ്റികള്‍ നേതൃത്വം നല്‍കും.
കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. മാത്യു മുരിയങ്കരി, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ലീനസ് എല്‍.കെ., കോ-ഓർഡിനേറ്റര്‍മാരായ നോബിള്‍ പീറ്റര്‍, ശ്രീദാസ് എസ്, മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി നിസ സൂസന് മാത്യു, പിആര്‍ഒ സിബിന് ടി. വര്‍ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.